പാട്ന: "ഞാൻ ജീവനോടെയുണ്ട് മരിച്ചിട്ടില്ല, വിവാഹശേഷം സുഖമായി കഴിയുന്നു" -ആറുമാസം മുമ്പ് മരിച്ചതായി പൊലീസ് കണ്ടെത്തിയ യുവാവിന്‍റെ കത്ത് മുഖ്യമന്ത്രിക്ക്. ബിഹാറിലാണ് സംഭവം. സോനു കുമാർ ശ്രീവാസ്തവ എന്നയാളാണ് ഭാര്യയോടൊപ്പം ഉത്തർപ്രദേശിൽ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ദിയോറിയ പൊലീസ് സ്റ്റേഷനിലേക്കും കത്തെഴുതിയത്.
ബിഹാറിലെ ദിയോറിയയിൽ നിന്ന് ആറുമാസങ്ങൾക്കുമുൻപാണ് സോനു കുമാർ ശ്രീവാസ്തവയെ (30) കാണാതായതെന്ന് പൊലീസ് പറയുന്നു. 50,000 രൂപയുമായി സാധനങ്ങൾ വാങ്ങാൻ പോയ സോനുകുമാർ പിന്നീട് വീട്ടിൽ മടങ്ങിയെത്തിയില്ല എന്നാണ് കുടുംബാംഗങ്ങൾ നൽകിയ പരാതി.
പൊലീസ് തിരച്ചിൽ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാനമായി സോനു കുമാറിനെ ലഭിച്ച ഫോൺ കോൾ ലൊക്കേഷനിൽ നിന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം പൊലീസ് ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സോനു കുമാറിന്‍റെ പിതാവും കുടുംബാംഗങ്ങളും മൃതദേഹം തിരിച്ചറിഞ്ഞു. തുടർന്ന് സോനു കുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
എന്നാൽ സ്നേഹിച്ച പെൺകുട്ടിയുമായി ഗാസിയാബാദിൽ സ്ഥിരതാമസമാക്കിയെന്നാണ് 'മരിച്ചെന്ന് കരുതിയ' സോനു കുമാർ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നത്. കത്തിനൊപ്പം തന്റെ വിവാഹത്തിന്റെ തെളിവുകളും അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ദിയോറിയ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.