ന്യൂഡൽഹി: 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിനിടെ ഡൽഹി പൊലീസ് ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമ കൊല്ലപ്പെട്ട കേസിൽ ഇന്ത്യൻ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ആരിസ് ഖാന് വധശിക്ഷ. ആരിസ് ഖാൻ എന്ന ജുനൈദ് കുറ്റക്കാരനാണെന്നും കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായെന്ന് ജഡ്ജി നേരത്തെ വിധിച്ചിരുന്നു.
ആതിഫ് അമീൻ, സാജിദ്, ഷഹ്സാദ് എന്നിവരോടൊപ്പം ചേർന്ന് ആസൂത്രണം ചെയ്താണ് കൊലനടത്തിയത് എന്ന് വിധിന്യായത്തിൽ പറയുന്നു. ഇതിൽ ആതിഫ് അമീനും സാജിദും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഷഹ്സാദ് എന്ന പപ്പു കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവം നടന്ന് 10 വർഷത്തിനുശേഷമാണ് ആരിസ് ഖാൻ പിടിയിലായത്. കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും സമാജ് വാദി, ബഹുജൻ സമാജ് വാദി പാർട്ടിയും മറ്റും സംഭവത്തിൽ സംശയം പ്രകടിപ്പിക്കുകയും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും സിങ് പിന്നീട് പറഞ്ഞു.
ഡൽഹി പൊലീസിെൻറ പ്രത്യേക വിഭാഗത്തിലെ ഇൻസ്പെക്ടറായിരുന്നു മോഹൻ ചന്ദ് ശർമ . 2008 സെപ്റ്റംബർ 13നു രാജ്യ തലസ്ഥാന നഗരിയിലെ സ്ഫോടന പരമ്പരക്കു പിന്നാലെ ഒരാഴ്ചക്കു ശേഷം നടന്ന ഏറ്റുമുട്ടലിലാണ് ശർമ കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.