ശശികലക്കെതിരെ ജയയുടെ സഹോദരപുത്രി; പിൻഗാമിയാകാൻ തയാറെന്ന്

ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പിൻഗാമിയാകാനും അണ്ണാ ഡിഎംകെയുെട ജനറൽ സെക്രട്ടറി പദവി പിടിയിലൊതുക്കാനും നീക്കം നടത്തുന്ന തോഴി ശശികലക്ക് വെല്ലുവിളി ഉയർത്തി ജയയുടെ സഹോദരപുത്രി ദീപ ജയകുമാർ. ജയലളിതയുടെ രാഷ്ട്രീയ പിൻഗാമിയാകാൻ ഒരുക്കമാണെന്ന് ദീപ ജയകുമാർ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. പാർട്ടി നേതൃത്വം ഏറ്റെടുക്കാനുള്ള ശശികലയുടെ ശ്രമം ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച ദീപ, ജനങ്ങൾ ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിലിറങ്ങാൻ തയാറാണെന്നും വ്യക്തമാക്കി.

അധികാരം പിടിക്കാനുള്ള ശശികലയുടെ ശ്രമങ്ങളെ ജനങ്ങൾ പ്രോത്സാഹിപ്പിക്കില്ല. പാർട്ടിയെ ആരു നയിക്കണം എന്ന വിഷയം ജനങ്ങളുടെ തീരുമാനത്തിന് വിടുന്നതാണ് ഉചിതം. ജനാഭിപ്രായം വിലയിരുത്തി വേണം അണ്ണാ ഡി.എം.കെ നേതൃത്വം ഭാവി നടപടികൾ സ്വീകരിക്കേണ്ടത്. -ജീവിച്ചിരുന്ന കാലത്ത് ജയലളിതക്ക് താൽപര്യമില്ലാത്ത ഒരുപാട് കാര്യങ്ങൾ ചെയ്ത വ്യക്തിയാണ് ശശികല. ഇത് ജയക്ക് വലിയ പേരുദോഷം ഉണ്ടാക്കി. ശശികലയെ രാഷ്ട്രീയ പിന്‍ഗാമിയായി ജയലളിത തെരഞ്ഞെടുത്തുവെന്ന വാർത്തകൾ ദീപ ജയകുമാർ തള്ളിക്കളഞ്ഞു.

അതേസമയം, താനുമായി ജയലളിതക്ക് അടുപ്പമുണ്ടായിരുന്നുവെന്ന ദീപയുടെ അവകാശവാദം അണ്ണാ ഡിഎംകെ നേതൃത്വം തള്ളി. ദീപയുമായി ജയക്ക് അടുപ്പമില്ലായിരുന്നുവെന്നും അവരുടെ വിവാഹത്തിന് പോലും ജയലളിത പോയിട്ടില്ലെന്നും പാർട്ടി വക്താവ് സി.ആർ സരസ്വതി പറഞ്ഞു.

ദീപയുടെ കടന്നുവരവിന് പിന്നിൽ അണ്ണാ ഡി.എം.കെയിലെ പ്രബല വിഭാഗത്തിന്‍റെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ട്. ശശികല പാർട്ടിയിൽ പിടിമുറുക്കുന്നതിനെ ഒരു വിഭാഗം എതിർക്കുന്നുണ്ട്. ശശികല പാർട്ടി ജനറൽ സെക്രട്ടറിയാകുമെന്ന വാർത്ത പരന്നതോടെ കഴിഞ്ഞ ദിവസം ജയയുടെ പൊയസ് ഗാർഡനിലെ വസതിക്ക് മുമ്പിൽ പ്രതിഷേധം അരങ്ങേറിയിരുന്നു.

രൂപത്തിലും ഭാവത്തിലും ജയലളിതയെ ഓർമിപ്പിക്കുന്ന ആളാണ് ഏക സഹോദരൻ ജയകുമാറിന്‍റെ മകളായ ദീപ.

Tags:    
News Summary - deepa against sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.