ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെച്ച രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേരള സർക്കാറിന്റെ അസാധാരണ നീക്കം. പരമോന്നത നീതിപീഠത്തിന്റെ അധികാരം ഉപയോഗിച്ച്, രാഷ്ട്രപതി ദ്രൗപദി മുർമു ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചയക്കാനും അതിൽ ഗവർണർ ഒപ്പുവെക്കാനും നിർദേശം നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ബില്ലുകൾ അയച്ചുകൊടുക്കുകയും പിടിച്ചുവെക്കുകയും ചെയ്ത ഗവർണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാന സർക്കാറിനുവേണ്ടി പ്രമുഖ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ, കേരളത്തിന്റെ സ്റ്റാൻഡിങ് കോൺസൽ അഡ്വ. സി.കെ. ശശി എന്നിവർ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും കേസിൽ സംസ്ഥാന സർക്കാർ കക്ഷികളാക്കിയിട്ടുണ്ട്.
രാഷ്ട്രപതി എന്നാൽ ഫലത്തിൽ കേന്ദ്രമന്ത്രിസഭയാണെന്നും ഇത്തരം വിഷയങ്ങളിൽ സ്വന്തം നിലക്ക് തീരുമാനമെടുക്കാൻ വിവേചനാധികാരമില്ലെന്നും കേരളം ബോധിപ്പിച്ചു. നിയമസഭ പാസാക്കി 11 മുതൽ 24 മാസം വരെ കഴിഞ്ഞ, പൂർണമായും സംസ്ഥാന സർക്കാറിന്റെ അധികാരത്തിലുള്ള ബില്ലുകൾ പിടിച്ചുവെക്കാൻ രാഷ്ട്രപതിയെ ഉപദേശിച്ചതിലൂടെ ഭരണഘടനയുടെ ഫെഡറൽ ഘടന തകർക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം കൂടിയാണിത്.
1) ഏഴ് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനക്കയച്ച കേരള ഗവർണറുടെ നടപടി റദ്ദാക്കുക
2) ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനക്കയച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുക
3) സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് രാഷ്ട്രപതിയുടെ പരിഗണനയിലുള്ള കേരളത്തിന്റെ ബില്ലുകൾ മാറ്റുക
4) ഒരു കാരണവും പറയാതെ ബില്ലുകൾക്ക് അനുമതി നൽകാതെ രാഷ്ട്രപതി പിടിച്ചുവെച്ചത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുക.
5) ഗവർണർ പിടിച്ചുവെച്ചിരിക്കുന്ന ആറ് ബില്ലുകൾക്ക് അനുമതി നൽകാൻ നിർദേശം നൽകുക
6) രാഷ്ട്രപതിയുടെ പരിഗണനക്കായി ഏഴ് ബില്ലുകൾ പിടിച്ചുവെച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമായിരുന്നുവെന്ന് വിധിക്കുക.
7) നീതി നിർവഹണത്തിന് ആവശ്യമെന്ന് തോന്നുന്ന മറ്റു ഉത്തരവുകൾ പുറപ്പെടുവിക്കുക
1) സർവകലാശാല ഭേദഗതി (2) ബിൽ 2021, ബിൽ നമ്പർ-50,
2) സർവകലാശാല ഭേദഗതി ബിൽ 2021 ബിൽ നമ്പർ-54,
3) കേരള കോഓപറേറ്റിവ് സൊസൈറ്റീസ് ഭേദഗതി ബിൽ 2022, ബിൽ നമ്പർ-110,
4) സർവകലാശാല ഭേദഗതി ബിൽ 2022 ബിൽ നമ്പർ-132,
5) കേരള ലോകായുക്ത ബിൽ 2022 ബിൽ നമ്പർ-133,
6) സർവകലാശാല ഭേദഗതി ബിൽ 2022 ബിൽ നമ്പർ-149
7)സർവകലാശാല ഭേദഗതി ബിൽ 2022 ബിൽ നമ്പർ-150
1) സർവകലാശാല ഭേദഗതി (2) ബിൽ 2021, ബിൽ നമ്പർ-50,
2) കേരള കോഓപറേറ്റിവ് സൊസൈറ്റീസ് ഭേദഗതി ബിൽ 2022, ബിൽ നമ്പർ-110,
3) സർവകലാശാല ഭേദഗതി ബിൽ 2022 ബിൽ നമ്പർ-132,
4 ) സർവകലാശാല ഭേദഗതി ബിൽ 2022 ബിൽ നമ്പർ-150
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.