ബി.ജെ.പിക്കാർ മുഹമ്മദ്പൂരിന്റെ പേര് മാറ്റിയത് ഔദ്യോഗികമായി നിലനിൽക്കില്ലെന്ന് സർക്കാർ

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മുഹമ്മദ്പൂർ ഗ്രാമത്തിന്റെ പേര് ഏതാനും ബി.ജെ.പി നേതാക്കൾ ചേർന്ന് മാധവപുരം എന്നാക്കി മാറ്റിയത് ഔദ്യോഗികമായി നിലനിൽക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ. പുതിയ പേര് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തില്ലെന്നും ഇവർ വ്യക്തമാക്കി.

ഗ്രാമത്തിന്റെ പേര് മുഹമ്മദ്പൂർ മാറ്റി മാധവപുരം എന്നാക്കാനുള്ള നിർദ്ദേശം കഴിഞ്ഞ ആഗസ്റ്റിൽ സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എസ്.ഡി.എം.സി) മേയർ മുകേഷ് സൂര്യൻ അംഗീകരിക്കുകയും പിന്നീട് കോർപ്പറേഷൻ അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, പാർക്കുകൾ, റോഡുകൾ, സ്‌കൂളുകൾ, ലൈബ്രറികൾ, പൂന്തോട്ടങ്ങൾ എന്നിവയുടെ പേരുകൾ മാത്രമേ മുനിസിപ്പൽ കോർപ്പറേഷന് മാറ്റാൻ കഴിയൂ. ചരിത്രപരമായ ഏതെങ്കിലും സ്ഥലത്തിന്റെ പേര് മാറ്റുന്നതിനുള്ള അവകാശം  സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

"ഒരു ഗ്രാമത്തിന്റെയോ പട്ടണത്തിന്റെയോ പേര് മാറ്റുന്നത് സംബന്ധിച്ച നിർദ്ദേശം കോർപറേഷൻ പാസാക്കിയാൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള സംസ്ഥാന നാമകരണ അതോറിറ്റി അംഗീകരിക്കണം. തുടർന്ന് ഗസറ്റിൽ വിജ്ഞാപനം ചെയ്യണം' -എസ്.ഡി.എം.സി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.കെ. ഒബ്‌റോയ് പി.ടി.ഐയോട് പറഞ്ഞു.

"സംസ്ഥാന നാമകരണ അതോറിറ്റി നിർദ്ദേശം അംഗീകരിക്കുകയും മാറിയ പേര് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തില്ലെങ്കിൽ അതിന് യാതൊരു വിലയുമില്ല. പ്രദേശവാസികൾക്ക് അവർ ആഗ്രഹിക്കുന്ന ബോർഡുകൾ സ്ഥാപിക്കാം. എന്നാൽ വിലാസങ്ങളും ആധാരങ്ങളും സർക്കാർ രേഖകളും പഴയ പേരിൽ തന്നെ തുടരും" -ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബി.ജെ.പി നേതാക്കളും അനുഭാവികളായ ഏതാനും നാട്ടുകാരും ചേർന്ന് ബുധനാഴ്ചയാണ് ഗ്രാമത്തിന്റെ പേര് മാറ്റം പ്രഖ്യാപിച്ചത്. ഗ്രാമത്തിലേക്കുള്ള പ്രവേശന സ്ഥലത്ത് പുതിയ പേര് രേഖപ്പെടുത്തിയ സൈൻബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി ഡൽഹി പ്രസിഡന്റ് ആദേശ് ഗുപ്ത, ഏരിയ കൗൺസിലർ ഭഗത് സിങ് ടോകാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്.

അടിമത്തം പേറുന്ന ഏതെങ്കിലും ചിഹ്നവുമായി ഗ്രാമത്തെ ബന്ധപ്പെടുത്താൻ പ്രദേശവാസികൾ ആഗ്രഹിക്കുന്നില്ല എന്നതിനാലാണ് പേര് മാറ്റിയത് എന്നായിരുന്നു ഇതേക്കുറിച്ച് ഗുപ്ത പറഞ്ഞത്. മുഗളന്മാരുമായും മുസ്‍ലിം ഭരണാധികാരികളുമായും ബന്ധപ്പെട്ട 40 ഗ്രാമങ്ങളുടെ കൂടി പുനർനാമകരണം ചെയ്യണമെന്നും ഗുപ്ത ആവശ്യപ്പെട്ടു.

"മുനിസിപ്പൽ കോർപ്പറേഷന്റെ നിർദ്ദേശത്തെത്തുടർന്ന് മാധവപുരത്തിന്റെ പുനർനാമകരണം ഇന്ന് പൂർത്തിയാക്കി. ഇനി ഈ ഗ്രാമം മാധവപുരം എന്നറിയപ്പെടും. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും അടിമത്തത്തിന്റെ ഏതെങ്കിലും ചിഹ്നവുമായി ബന്ധപ്പെടുത്താൻ ഡൽഹിക്കാരൊന്നും ആഗ്രഹിക്കുന്നില്ല" -ഗുപ്ത ട്വീറ്റിൽ പറഞ്ഞു.

ഡിസംബറിൽ ഡൽഹി സർക്കാരിന്റെ സംസ്ഥാന നാമകരണ അതോറിറ്റിക്ക് നിർദ്ദേശം അയച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് കോർപറേഷനിൽ നിർദ്ദേശം സമർപ്പിച്ച ബി.ജെ.പിയുടെ മുനിർക കൗൺസിലർ ടോകാസ് പറഞ്ഞു. " ഡിസംബറിൽ നൽകിയ പ്രസ്തുത ഫയൽ ഡൽഹി സർക്കാരിന്റെ പക്കൽ തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണ്. അവർ നിർദ്ദേശം അംഗീകരിക്കുന്നില്ല. ഗ്രാമവാസികൾ ഇക്കാര്യത്തിൽ രോഷാകുലരാണ്. ഇനി മുതൽ വീടുകൾക്കും കടകൾക്കും പുറത്തുള്ള എല്ലാ ബോർഡുകളിലും മുഹമ്മദ്പൂർ മാറ്റി മാധവപുരമാക്കും'' -ടോകാസ് പറഞ്ഞു.

നിർദ്ദേശം അംഗീകരിക്കാനും പേര് ഔദ്യോഗികമായി മാറ്റാനും ബിജെപിയും നാട്ടുകാരും ഡൽഹി സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Delhi: BJP Claims Muhammadpur Is Now ‘Madhavpuram’; Officially Invalid Say Authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.