ഡല്‍ഹി മുഖ്യമന്ത്രി അതിഷി സിങ്ങിനെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇറക്കി വിട്ടു

ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അതിഷി സിങ്ങിനെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറി രണ്ട് ദിവസത്തിനുശേഷം നിർബന്ധിതമായി ഇറക്കി വിട്ടതായി മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു. സിവില്‍ ലൈനിലെ ഫ്‌ളാഗ്‌സ്റ്റോഫ് റോഡിലെ ബംഗ്ലാവില്‍ നിന്ന് അതിഷിയുടെ സാധനസാമഗ്രികൾ ബലമായി നീക്കം ചെയത് പൊതുമരാമത്ത് അധികൃതര്‍ കെട്ടിടം സീല്‍ ചെയ്ത് പൂട്ടിയതായാണ് വിവരം.

ബി.ജെ.പിയുടെ നിര്‍ദേശപ്രകാരം ലെഫ്.ഗവര്‍ണര്‍ വി.കെ.സക്‌സേനയാണ് ഈ കുടിയൊഴിപ്പിക്കലിന് പിന്നിലെന്ന് ആം ആദ്മി ആരോപിച്ചു. അതിഷിക്ക് പകരം മറ്റൊരു ബി.ജെ.പി നേതാവിന് വസതി കൈമാറാന്‍ ലെഫ്.ഗവര്‍ണര്‍ നീക്കം നടത്തുന്നതായും പാർട്ടി പ്രസ്താവനയില്‍ അറിയിച്ചു.

രണ്ട് ദിവസം മുമ്പാണ് അതിഷി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയത്. അഴിമതിക്കേസിൽ സുപ്രീംകോടതിയിൽനിന്ന് ജാമ്യം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആപ് ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഔദ്യോഗിക വസതി അടുത്തിടെ ഒഴിഞ്ഞിരുന്നു. ഒമ്പത് വര്‍ഷമായി അരവിന്ദ് കെജ്‌രിവാള്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത്.

അതേസമയം, അതിഷിക്ക് ഇതുവരെ ബംഗ്ലാവ് അനുവദിച്ചിട്ടില്ലെന്നും അവര്‍ അനധികൃതമായി അവിടെ കയറി താമസിക്കുകയായിരുന്നു എന്നാണ് ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ ഓഫിസില്‍ നിന്നുള്ള വിശദീകരണം. അവര്‍ തന്നെയാണ് സ്വന്തം സാധനങ്ങള്‍ ബംഗ്ലാവില്‍നിന്ന് നീക്കിയതെന്നും ഗവര്‍ണറുടെ ഓഫിസ് പറയുന്നു.

നവീകരണത്തി​ന്‍റെ പേരില്‍ ബംഗ്ലാവില്‍ കോടികള്‍ ചെലവഴിച്ച് നടത്തിയ ധൂര്‍ത്ത് പുറത്ത് അറിയാതിരിക്കാനാണ് അതിഷി ഇത്ര വേഗത്തില്‍ താമസം മാറിയതെന്ന് ഡല്‍ഹി ബി.ജെ.പി നേതൃത്വം പ്രതികരിച്ചു. എന്നാല്‍ 27 വര്‍ഷമായി ഡല്‍ഹിയില്‍ അധികാരം ലഭിക്കാത്ത നിരാശയിലാണ് ബി.ജെ.പി ഇത്തരമൊരു നീക്കം നടത്തിയതെന്ന് ആം ആദ്മിയും തിരിച്ചടിച്ചു.

കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ധനകാര്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന അതിഷി ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ്. കോണ്‍ഗ്രസി​ന്‍റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ സുഷമ സ്വരാജുമായിരുന്നു മുന്‍ വനിതാ മുഖ്യമന്ത്രിമാര്‍. രാജ്യത്തെ പതിനേഴാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാണ് അതിഷി.

ഫെബ്രുവരിയിൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളിൽ നിന്ന് ‘സത്യസന്ധതയുടെ സർട്ടിഫിക്കറ്റ്’ ലഭിക്കുന്നതുവരെ മുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കില്ലെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് പാർട്ടി അതിഷിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

Tags:    
News Summary - Delhi chief minister Atishi's belongings ‘forcibly’ removed from residence: CMO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.