ന്യൂഡൽഹി: നാല് പതിറ്റാണ്ടായി ഇന്ത്യയുടെ കോർപറേറ്റ് ലോകത്തെ സൗമ്യനായ അതികായനായിരുന്നു രത്തൻ ടാറ്റയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ടാറ്റ കമ്പനിയെ 1991ന് ശേഷമുള്ള ഇന്ത്യക്കു വേണ്ടി രത്തൻ ടാറ്റ ഒരുക്കിയെടുത്തു. ജെ.ആർ.ഡി ടാറ്റയുടെ പിൻഗാമിയാകുമ്പോൾ അദ്ദേഹത്തിന് അതെളുപ്പമായിരുന്നില്ല. പക്ഷേ തന്റെ കാഴ്ചപ്പാടും നിശ്ചയദാർഢ്യവും കൊണ്ട് അദ്ദേഹം വിജയിച്ചുവെന്ന് ജയറാം രമേശ് ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു.
ഒരു ബിസിനസ് നേതാവ് എന്നതിനേക്കാൾ കൂടുതലായിരുന്നു രത്തൻ ടാറ്റയുടെ ആഗോള ഖ്യാതി. നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാനായ ജെ.എൻ ടാറ്റ സ്ഥാപിച്ച ഏറ്റവും മികച്ച പാരമ്പര്യം അദ്ദേഹം ഒരു മനുഷ്യസ്‌നേഹിയായിരുന്നു എന്നതാണ്. അദ്ദേഹത്തിന്റെ പിൻഗാമികൾ അത് ഗംഭീരമായി മുന്നോട്ട് കൊണ്ടുപോയെന്നും രമേശ് പറഞ്ഞു.
‘1985 സെപ്തംബറിൽ ഞാൻ വ്യവസായ മന്ത്രാലയത്തിലായിരിക്കെ, ഇന്ത്യാ സർക്കാറിന്റെ പിന്തുണയോടെ ടാറ്റ ഗ്രൂപ്പിനായി 20 വർഷത്തെ തന്ത്രപരമായ പദ്ധതി അവതരിപ്പിക്കാൻ അദ്ദേഹം ഒരു ടീമിനൊപ്പം വന്നപ്പോഴാണ് രത്തൻ ടാറ്റയെ നന്നായി അറിയുന്നത്. വ്യവസായ നയത്തിനായുള്ള രാജീവ് ഗാന്ധിയുടെ പുതിയ ആശയങ്ങളിലൊന്നായിരുന്നു ഇത്. പിന്നീട് അദ്ദേഹവുമായി ഇടക്കിടെ ബന്ധപ്പെട്ടിരുന്നു. 1970കളുടെ മധ്യത്തിൽ എന്റെ വിദേശ പഠനത്തിന് ഭാഗികമായി ധനസഹായം ലഭിച്ചത് ജെ.എൻ ടാറ്റ ലോൺ സ്‌കോളർഷിപ്പിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ രത്തൻ ടാറ്റ സന്തോഷം പ്രകടിപ്പിച്ചു. അത് ഒരിക്കലും മറക്കാനാവില്ല’- കോൺഗ്രസ് നേതാവ് പറഞ്ഞു.
മൃദുഭാഷിയും ആത്മാഭിമാനവും ഉറച്ച ബോധ്യവുമുള്ള ആളായിരുന്നു രത്തൻ ടാറ്റ. എപ്പോഴും ഗൗരവക്കാരനായി കാണപ്പെട്ടുവെങ്കിലും അദ്ദേഹം രസികനും നർമബോധമുള്ളയാളുമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ എന്നേക്കും ബഹുമാനിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതുമായ നാമമായി രത്തൻ ടാറ്റ നിലനിൽക്കും. പ്രത്യേകിച്ചും, അദ്ദേഹം മാതൃകയാക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്ത മൂല്യങ്ങളുടെ പേരിലെന്നും രമേശ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.