ന്യൂഡൽഹി: സുപ്രീംകോടതി സ്റ്റേക്ക് ശേഷവും ജഹാംഗീർപുരിയിലെ കെട്ടിടം പൊളിക്കലുമായി വടക്കൻ ഡൽഹി കോർപറേഷൻ മേയർ മുന്നോട്ടുപോയത് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തിൽ നടപടി എടുക്കുമെന്നും സുപ്രീംകോടതി. കെട്ടിടം പൊളിക്കലിനുള്ള സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് തൽസ്ഥിതി തുടരാനും ഉത്തരവിട്ടു. ബുൾഡോസറുകൾ ഇറക്കിയതിന്‍റെ വിശദാംശം സത്യവാങ്മൂലമായി നൽകാൻ ബി.ജെ.പി ഭരിക്കുന്ന വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷനോടും എതിർസത്യവാങ്മൂലം സമർപ്പിക്കാൻ എല്ലാ ഹരജിക്കാരോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ബി.ആർ. ഗവായികൂടി അടങ്ങുന്ന ബെഞ്ച് രണ്ടാഴ്ച കഴിഞ്ഞ് വാദം കേൾക്കും.
ഹനുമാൻ ജയന്തി ഘോഷയാത്ര അക്രമത്തിൽ കലാശിച്ച ജഹാംഗീർപുരിയിലെ കൈയേറ്റങ്ങൾ ബുൾഡോസറുകൾ ഇറക്കി പൊളിക്കുന്നതിനെതിരെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, സി.പി.എം നേതാവ് വൃന്ദ കാരാട്ട്, കെട്ടിട ഉടമകൾ എന്നിവർ സമർപ്പിച്ച ഒരു കൂട്ടം ഹരജികളിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ബുധനാഴ്ച ഒരു ദിവസേത്തക്ക് ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ബെഞ്ച് നൽകിയ സ്റ്റേ ഉത്തരവ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുകയാണെന്ന് ജസ്റ്റിസ് നാഗേശ്വര റാവു വ്യക്തമാക്കി. അതേസമയം ഡൽഹിക്ക് പുറമെ മധ്യപ്രദേശ്, ഗുജറാത്ത്, യു.പി അടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകൾക്കെതിരെ ഏകപക്ഷീയമായി നടത്തുന്ന ബുൾഡോസർ ആക്രമണം നിർത്തിവെക്കണമെന്ന ജംഇയ്യത്തുൽ ഉലമായുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്‍റെ അഭിഭാഷകരായ ദുഷ്യന്ത് ദവെയും കപിൽ സിബലും വൃന്ദ കാരാട്ടിന്‍റെ അഭിഭാഷകൻ അഡ്വ. സുരേന്ദ്ര നാഥും സുപ്രീംകോടതി ഉത്തരവ് ഇറക്കിയ ശേഷവും പൊളിച്ചുനീക്കലുമായി വടക്കൻ ഡൽഹി മേയർ മുന്നോട്ടുപോയത് ജഡ്ജിമാരുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനോട് പ്രതികരിച്ച ജസ്റ്റിസ് നാഗേശ്വര റാവു കോടതി ഉത്തരവ് ലംഘനം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തിൽ തുടർ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.