ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണത്തിനെതിരായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും കോൺഗ്രസിെൻറ പുനരുജ്ജീവനവും ചർച്ചയാക്കിയും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കപിൽ സിബലിെൻറ വസതിയിൽ അത്താഴവിരുന്നത്.
ഡൽഹിയിൽ തിങ്കളാഴ്ച രാത്രി നടന്ന ചടങ്ങിൽ പ്രതിപക്ഷത്തെ നിരവധി നേതാക്കൾ പങ്കെടുത്തു. കപിൽ സിബലിെൻറ ജന്മദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു അത്താഴവിരുന്ന്. എന്നാൽ മോദി സർക്കാറിനെതിരായ പ്രതിഷേധ പരിപാടികൾ തീരുമാനിക്കുന്നതിനൊപ്പം കോൺഗ്രസിെൻറ നെഹ്റു കുടുംബ വാഴ്ചയെക്കുറിച്ചും ചർച്ചയായാതായാണ് വിവരം.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. നെഹ്റു കുടുംബത്തിൽനിന്ന് കോൺഗ്രസിനെ മോചിപ്പിച്ചാൽ മാത്രമേ പുനരുജ്ജീവനം സാധ്യമാകൂവെന്ന് ചില നേതാക്കൾ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞവർഷം കോൺഗ്രസിൽ സമ്പൂർണ മാറ്റം ആവശ്യപ്പെട്ട് കപിൽ സിബൽ ഉൾപ്പെടെ മുൻ കേന്ദ്രമന്ത്രിമാരും അഞ്ചു മുഖ്യമന്ത്രിമാരും ഉൾപ്പെടെ 23 പേർ കത്തിൽ ഒപ്പിട്ടിരുന്നു. കോൺഗ്രസിെൻറ മുകൾ തട്ടുമുതൽ താഴെ തട്ടുവരെ സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്നായിരുന്നു ആവശ്യം. കൂടാതെ പൂർണ സമയ സജീവ നേതൃത്വം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഗുലാം നബി ആസാദ്, മനീഷ് തിവാരി, പി.ജെ. കുര്യൻ, ശശി തരൂർ തുടങ്ങിയവരായിരുന്നു കത്തിൽ ഒപ്പിട്ടവരിൽ പ്രമുഖർ.
മുൻ കേന്ദ്രമന്ത്രിയായ പി. ചിദംബരം, ശശി തരൂർ, ആനന്ദ് ശർമ തുടങ്ങിയവരാണ് കോൺഗ്രസിൽനിന്ന് അത്താഴവിരുന്നിൽ പങ്കെടുത്തവർ. കൂടാതെ രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേനയുടെ സഞ്ജയ് റാവത്ത്, എൻ.സി.പിയുടെ ശരദ് പവാർ, തൃണമൂലിെൻറ ഡെറിക് ഒബ്രിയാൻ, നാഷനൽ കോൺഫറൻസിെൻറ ഒമർ അബ്ദുല്ല തുടങ്ങിയവരും പങ്കെടുത്തു. ആദ്യമായി അകാലിദളിനെയും കൂടിക്കാഴ്ചയിൽ ക്ഷണിച്ചിരുന്നു. മുതിർന്ന പാർട്ടി നേതാവായ നരേഷ് ഗുജ്റാൾ ഇതിൽ പങ്കെടുത്തു.
കേന്ദ്രസർക്കാറിനെതിരായ ആക്രമണം സിബൽ തുടങ്ങിവെച്ചായിരുന്നു യോഗത്തിെൻറ തുടക്കം. എല്ലാ ഭരണകൂട സ്ഥാപനങ്ങളും ബി.െജ.പി ഭരണകാലത്ത് നശിപ്പിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കൂടാതെ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കേണ്ടതിെൻറ ആവശ്യകതയും അേദ്ദഹം പങ്കുവെച്ചു.
കോൺഗ്രസ് ശക്തമായി നിലകൊണ്ടാൽ ഒപ്പം പ്രതിപക്ഷവും ശക്തമാകുമെന്നായിരുന്നു ഒമർ അബ്ദുല്ലയുടെ അഭിപ്രായം. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എന്തുചെയ്യാൻ കഴിയുമെന്നും അദ്ദേഹം ആരാഞ്ഞു.
എന്നാൽ, നെഹ്റു കുടുംബത്തെ പ്രത്യക്ഷമായി ആക്രമിച്ചായിരുന്നു നരേഷ് ഗുജ്റാളിെൻറ തുടക്കം. നെഹ്റു കുടുംബത്തിൽനിന്ന് കോൺഗ്രസ് പുറത്തുവന്നില്ലെങ്കിൽ പാർട്ടിയെ ശക്തിപ്പെടുത്തുക പ്രയാസമായിരിക്കുമെന്നായിരുന്നു ഗുജ്റാളിെൻറ പ്രതികരണം. കോൺഗ്രസിനുള്ളിൽനിന്നും പ്രതിപക്ഷ പാർട്ടികളിൽനിന്നും ഇത്തരമൊരു ആവശ്യം ശക്തമായി ഉയരുന്നത് സോണിയ ഗാന്ധി നേതൃത്വത്തിന് പുതിയ തലവേദനയാകും. രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവരും കുറവല്ല.
പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് ചേർന്ന് ബി.ജെ.പിയെ നേരിടണമെന്നായിരുന്നു ലാലുവിെൻറ അഭിപ്രായം. ബി.ജെ.പിക്കെതിരെ ഐക്യമുന്നണി രൂപവത്കരിക്കാൻ പ്രാദേശിക പാർട്ടികളുമായി ധാരണയിലെത്തണമെന്ന് പി. ചിദംബരം നിർദേശിച്ചു. അടുത്തവർഷം നടക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന് വിജയം ആശംസിക്കാനും നേതാക്കൾ സമയം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.