ബംഗാളിലെ ജൂനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി ഡോക്ടർമാരുടെ സംഘടന; രാജ്യത്തുടനീളം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പണിമുടക്കും

ന്യൂഡൽഹി: കൊൽക്കത്തയിൽ നിരാഹാര സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേരത്തെ നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള എല്ലാ മെഡിക്കൽ സേവനങ്ങളും നിർത്തിവെച്ച് രാജ്യവ്യാപകമായി 48 മണിക്കൂർ പണിമുടക്കാൻ തീരുമാനിച്ച് മെഡിക്കൽ അസോസിയേഷനുകളുടെ ഫെഡറേഷൻ ആയ ‘ഫെമ’.

ആഗസ്റ്റ് 9ന് കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബിരുദാനന്തര ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ സംവിധാനം നവീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗാളിലെ ജൂനിയർ ഡോക്ടർമാർ ഒരാഴ്ചയായി നിരാഹാര സമരത്തിലാണ്. അവശരായതിനെ തുടർന്ന് ഇവരിൽ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘അവരുടെ ന്യായമായ ആവശ്യങ്ങളെ പിന്തുണക്കുന്നതിനും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും സർക്കാറിൽനിന്ന് നീതി തേടുന്നതിനും 69 അക്കാദമിക് മെഡിക്കൽ ഓർഗനൈസേഷനുകളുടെ രാഷ്ട്രീയ ഫെഡറേഷനായ ‘ഫെമ’, എല്ലാ സ്പെഷ്യാലിറ്റികളിലെയും മുഴുവൻ ഫിസിഷ്യൻമാരും സർജന്മാരും ചേർന്നുള്ള 48 മണിക്കൂർ പണിമുടക്കിന് നിർബന്ധിതരാവുന്നു. ഒക്‌ടോബർ 14 മുതൽ 16 വരെ (രാവിലെ 6 മുതൽ പിറ്റേന്ന് വൈകീട്ട് 6വരെ) സർക്കാർ-സ്വകാര്യ മേഖലകളിലെ ഒ.പിയും സ്വകാര്യ ക്ലിനിക്കുകളും ഉൾപ്പെടെ പണിമുടക്കി​ന്‍റെ ഭാഗമാവും. പ്രസ്‌തുത ദിവസങ്ങളിലേക്ക് നടത്താൻ നിശ്ചയിച്ച ശസ്ത്രക്രിയകൾ റദ്ദാക്കും’- അസോസിയേഷൻ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.

രോഗികൾ പ്രയാസപ്പെടാതിരിക്കാൻ അടിയന്തര സേവനങ്ങളെല്ലാം സജീവമായി തുടരുമെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. ‘പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ വാക്കുകൾ കേൾക്കാനും സംവേദനക്ഷമത കാണിക്കാനും ഞങ്ങൾ സർക്കാറിനോട് വീണ്ടും അഭ്യർത്ഥിക്കുന്നു. അവർ സമയബന്ധിതമായി പ്രതികരിച്ചാൽ സേവനങ്ങൾ ഉടൻ പുനഃരാരംഭിക്കും. പ്രശ്നത്തി​ന്‍റെ ഗൗരവത്തെ വിലമതിച്ചുകൊണ്ട് എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഈ കഠിനമായ നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് ചിന്തിക്കണമെന്നും അതിൽ ഞങ്ങളോട് ക്ഷമിക്കമെന്നും’ ഡോക്ടർമാരുടെ സംഘടന പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Tags:    
News Summary - Doctors’ body FeMA announces 48-hour cease-work across India in support of Bengal medics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.