ന്യൂഡല്‍ഹി: റഷ്യയിൽനിന്ന് ഇറക്കു മതിചെയ്യുന്ന സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ ഒരു ഡോസിന് 995.40 രൂപ വില നിശ്ചയിച്ചു. അഞ്ചു ശതമാനം ജി.എസ്.ടി ഉൾപ്പെടെയാണ് വാക്സിെൻറ വില ഹൈദരാബാദ് ആസ്ഥാനമായ മരുന്ന് കമ്പനി ഡോ. റെഡ്ഡീസ് നിശ്ചയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ സ്പുട്നിക് വാക്സിന് 750 രൂപയോളമാണ് വില.
രാജ്യത്ത് സ്പുട്നിക് വാക്സിെൻറ ആദ്യ ഡോസ് ഹൈദരാബാദിൽ കുത്തിെവച്ചതായും രാജ്യത്ത് ഉൽപാദനം തുടങ്ങിയാൽ വില കുറയുമെന്നും ഡോ. റെഡ്ഡീസ് അറിയിച്ചു. ഡോ. റെഡ്ഡീസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ദീപക് സപ്രയാണ് സ്പുട്നിക് വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ചത്. സ്പുട്നിക് ഇറക്കുമതി ചെയ്യാൻ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ടുമായി ഡോ. റെഡ്ഡീസ് കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് കരാറുണ്ടാക്കിയത്. മേയ് ഒന്നിന് എത്തിയ 1.50 ലക്ഷം സ്പുട്നിക് വാക്സിൻ ഡോസുകൾക്ക് കസൗളിയിലെ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയുടെ അംഗീകാരം വ്യാഴാഴ്ച ലഭിച്ചിരുന്നു. കൂടുതൽ ഡോസുകൾ വരുംമാസങ്ങളിലായി എത്തും. അടുത്തയാഴ്ചയോടെ വിപണിയിൽ ലഭ്യമാകും. ഏപ്രിൽ 13നാണ് രണ്ടു ഡോസ് വാക്സിനായ സ്പുട്നിക്കിന് അടിയന്തര ഉപയോഗ അനുമതി ഡ്രഗ്സ് കൺട്രോളർ നൽകിയത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന ആദ്യ വാക്സിനാണ് സ്പുട്നിക്.
91.6 ശതമാനം ഫലസിദ്ധിയുള്ള സ്പുട്നിക് ഇതുവരെ ലോകത്തിൽ 20 ലക്ഷത്തിലേറെ പേർക്ക് കുത്തിെവച്ചു. ആദ്യ ഡോസ് നൽകി 21 ദിവസമാണ് രണ്ടാമത്തെ ഡോസിനുള്ള ഇടവേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.