ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം (2020 -21) ഇന്ത്യ നെഗറ്റിവ് വളർച്ചയിൽ വീണ്ടും താഴേക്ക് പോകുമെന്ന് അന്താരാഷ്ട്ര ധനകാര്യ ഏജൻസിയായ ഫിച്ച്. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) മൈനസ് 10.5 ശതമാനം ഇടിവുണ്ടാകുമെന്നാണ് പ്രവചനം. നേരത്തേ മൈനസ് അഞ്ച് ശതമാനമാണ് പ്രവചിച്ചിരുന്നത്.
അതേസമയം, ഫിച്ചിെൻറ ഇന്ത്യൻ വിഭാഗമായ ഇന്ത്യ റേറ്റിങ്സ് ഫിച്ചിനേക്കാൾ ഉയർന്ന പതനമാണ് കണക്കുകൂട്ടുന്നത്. 5.3 ശതമാനത്തിൽനിന്ന് നെഗറ്റിവ് വളർച്ച 11.8 ശതമാനത്തിലെത്തുമെന്നാണ് ഇന്ത്യ റേറ്റിങ്സിെൻറ വിലയിരുത്തൽ. ഏറ്റവും മോശം വളർച്ചക്ക് 2020 സാക്ഷ്യം വഹിക്കുമെന്നാണ് രണ്ട് ഏജൻസികളും കണക്കു കൂട്ടുന്നത്. 1980ലെ 5.2 ശതമാനം നെഗറ്റിവ് വളർച്ചയാണ് ഇതിന് മുമ്പുണ്ടായ ഏറ്റവും കുറഞ്ഞ ജി.ഡി.പി.
2020 ഏപ്രിൽ -ജൂൺ കാലയളവിൽ ജി.ഡി.പി 23.9 ശതമാനം നെഗറ്റിവ് വളർച്ച രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഫിച്ചിെൻറ പുതിയ അവലോകനം. മറ്റൊരു ധനകാര്യ ഏജൻസിയായ ഗോൾഡ്മാൻ സാക്സും രാജ്യത്തിെൻറ നെഗറ്റിവ് വളർച്ച കൂടുമെന്ന അവലോകനം പുറത്തുവിട്ടിട്ടുണ്ട്. വളർച്ച 11.8 ശതമാനം താഴേക്ക് പോകുമെന്ന് കണക്കാക്കിയിരുന്ന ഏജൻസി 14.8 ശതമാനം നെഗറ്റിവ് വളർച്ചയുടെ റിപ്പോർട്ടാണ് അടുത്തിടെ പുറത്തുവിട്ടത്.
കുടുംബങ്ങളുടേയും കമ്പനികളുടേയും വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും സർക്കാർ തലത്തിലെ ആനുകൂല്യങ്ങൾ കുറഞ്ഞതും വളർച്ച പിന്നോട്ടടിക്കാൻ കാരണമായിട്ടുണ്ടെന്ന് ഫിച്ച് വിലയിരുത്തുന്നു. 2020ലെ മൂന്നാം പാദത്തിൽ സാമ്പത്തിക രംഗം കൂടുതൽ തുറന്നുകൊടുക്കുന്ന സമയത്ത് വളർച്ചയിൽ ചെറിയ മാറ്റമുണ്ടാകാമെന്നും എന്നാലും സ്ഥിരതയുള്ള പ്രകടനമായിരിക്കില്ലെന്നും ഏജൻസി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.