നയതന്ത്ര ബാഗേജുകൾ കുറ്റകൃത്യത്തിന് ഉപയോഗിച്ചാൽ പരിരക്ഷ ഇല്ലെന്ന് ഇ.ഡി

ന്യൂഡൽഹി: നയതന്ത്ര ബാഗേജുകൾ കുറ്റകൃത്യത്തിന് ഉപയോഗിച്ചാൽ അതിന് നയതന്ത്ര പരിരക്ഷ ഇല്ലാതാകുമെന്ന് കേരളത്തിലെ സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. നയതന്ത്ര ബാഗേജുകൾ സ്കാൻ ചെയ്ത് പരിശോധിക്കാൻ നിയമപരമായി കേന്ദ്ര സർക്കാറിന് കഴിയുമോ എന്ന് സുപ്രീംകോടതി ആരാഞ്ഞപ്പോഴാണ് ഇത്തരമൊരു മറുപടി ഇ.ഡി നൽകിയത്. എന്നാൽ, ഇക്കാര്യത്തിൽ ഒന്നുകൂടി വ്യക്തത വരുത്തിവരാൻ കോടതി ഇ.ഡിക്ക് നിർദേശം നൽകി.

സ്വപ്ന സുരേഷ് പ്രതിയായ കേരളത്തിലെ പ്രമാദമായ സ്വർണക്കടത്ത് കേസിന്റെ വിചാരണ കർണാടകയിലേക്ക് മാറ്റാൻ ഇ.ഡി മുമ്പ് സമർപ്പിച്ച ഹരജി വീണ്ടും പരിഗണനക്ക് എടുത്തപ്പോഴാണ് ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സതീശ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് ഈ ചോദ്യമുന്നയിച്ചത്. ഡിപ്ലോമാറ്റിക് ലഗേജ് പരിശോധിക്കണമെന്ന് കേന്ദ്ര സർക്കാറിന് തോന്നിയാൽ അതിനുള്ള നടപടിക്രമം എന്താണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്‍.വി. രാജുവിനോട് ബെഞ്ച് ചോദിച്ചു.

അതിന് നയതന്ത്ര പരിരക്ഷയില്ലേ എന്നും ബെഞ്ച് ആരാഞ്ഞു. കുറ്റകൃത്യത്തിനായി കൊണ്ടുവന്നതാണെങ്കിൽ നയതന്ത്ര പരിരക്ഷ നഷ്ടപ്പെടുമെന്നും അതൊരു ഡിപ്ലോമാറ്റിക് ബാഗേജ് അല്ലാതായി മാറുമെന്നും എ.എസ്.ജി ഇതിന് മറുപടി നൽകി. കർണാടകയിൽ ബി.ജെ.പി ഭരണമുണ്ടായിരുന്ന 2020ലാണ് വിചാരണ അങ്ങോട്ടു മാറ്റാൻ ഇ.ഡി ഹരജി നൽകിയത്. ഹരജി മാറ്റിവെക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇ.ഡിയും അംഗീകരിച്ചു. തുടർന്ന് കോടതി കേസ് മാറ്റിവെക്കുകയും ചെയ്തു.

Tags:    
News Summary - ED said diplomatic baggage is not protected if it is used for crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.