ബലാത്സംഗ കൊലയ്ക്ക് വധശിക്ഷ: ‘അപരാജിത’ ബിൽ പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ

കൊൽക്കത്ത: ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളിലെ കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്ന ‘അപരാജിത’ ബിൽ പശ്ചിമ ബംഗാൾ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. കേന്ദ്ര നിയമം ഭേദഗതി ചെയ്താണ് ബിൽ അവതരിപ്പിച്ചത്. ഗവർണറും, കേന്ദ്രനിയമം ഭേദഗതി ചെയ്യുന്നതിനാൽ രാഷ്ട്രപതിയും ഒപ്പു വെക്കുന്നതോടെ ബിൽ നിയമമാകും. ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര ക്രിമിനൽ നിയമം ഭേദഗതി ചെയ്ത് ബിൽ പാസാക്കുന്നത്. കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബംഗാൾ സർക്കാർ അതിവേഗം പുതിയ നിയമത്തിന് രൂപം നൽകിയത്.

ബില്ലിനെ ചരിത്രപരവും മാതൃകാപരവുമെന്ന് മുഖ്യമന്ത്രി മമത ബാനർജി വിശേഷിപ്പിച്ചു. ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരായ പോരാട്ടത്തിൽ സുപ്രധാനമായ ചുവടുവെപ്പ് അടയാളപ്പെടുത്തിക്കൊണ്ട്, ബലാത്സംഗത്തിനും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കുള്ള ശിക്ഷ കടുപ്പിക്കുന്ന 'അപരാജിത വിമൻ ആൻഡ് ചൈൽഡ് ബിൽ (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമ ഭേദഗതി) 2024' പാസായിരിക്കുന്നു. ഈ നിയമം സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നു. ബലാത്സംഗം പോലുള്ള അതിക്രമങ്ങൾ തടയാൻ സാമൂഹിക പരിഷ്‌കരണങ്ങളും വേണം. ഗവർണർ സി.വി ആനന്ദ ബോസിനോട് ബില്ലിൽ വേഗത്തിൽ ഒപ്പിടാൻ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് മമത അഭ്യർഥിച്ചു.

ഭാരതീയ ന്യായ് സൻഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 2023, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 എന്നിവക്കു കീഴിലുള്ള വ്യവസ്ഥകളിൽ ഭേദഗതികൾ ആവശ്യപ്പെടുന്ന ബിൽ ഇരയുടെ പ്രായം പരിഗണിക്കാതെ തന്നെ ബാധകമായിരിക്കും. അത്തരം കേസുകളിൽ ജീവപര്യന്തം തടവ് എന്നത് നിശ്ചിത വർഷങ്ങളല്ല, മറിച്ച് കുറ്റവാളിയുടെ ജീവിതത്തിന്റെ അവശേഷിക്കുന്ന വർഷങ്ങളായിരിക്കുമെന്നും ബിൽ പറയുന്നു. സാമ്പത്തിക പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഉണ്ടാകും.

ബലാത്സംഗവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയം രണ്ടു മാസത്തിൽ നിന്ന് 21 ദിവസമായി കുറക്കും. കുറ്റപത്രം തയ്യാറാക്കുന്നത് മുതൽ ഒരു മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കും. കോടതി നടപടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും ബില്ലിൽ നിർദേശിക്കുന്നു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നവർക്കും സമാനമായ തടവ് വ്യവസ്ഥകളുണ്ട്.

ബില്ലിൽ ഇക്കാര്യങ്ങളും പറയുന്നു

  • സ്ത്രീകളെ പീഡിപ്പിക്കൽ, ബലാത്സംഗം എന്നീ കേസുകളിൽ കഠിന ശിക്ഷ
  • പോക്‌സോ നിയമത്തിലെ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി
  • ബലാത്സംഗം ചെയ്യുന്നവരുടെ പ്രവൃത്തികൾ ഇരയുടെ മരണത്തിൽ കലാശിക്കുകയോ അല്ലെങ്കിൽ അവർക്ക് ഗുരുതരമായ മസ്തിഷ്ക ക്ഷതം സംഭവിക്കുകയോ ചെയ്താൽ അവർക്ക് വധശിക്ഷ.
  • ബില്ലിന് കീഴിൽ, അപരാജിത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും, പ്രാഥമിക റിപ്പോർട്ട് ലഭിച്ച് 21 ദിവസത്തിനുള്ളിൽ ശിക്ഷ നടപ്പാക്കും
  • നഴ്‌സുമാരും വനിതാ ഡോക്ടർമാരും സഞ്ചരിക്കുന്ന റൂട്ടുകൾ പരിരക്ഷിക്കും. ഇതിനായി സംസ്ഥാന സർക്കാർ 120 കോടി രൂപ അനുവദിച്ചു
  • എല്ലായിടത്തും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും

Full View
Tags:    
News Summary - West Bengal Assembly passes anti-rape 'Aparajita' bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.