ന്യൂഡൽഹി: തോളിൽ 35 കിലോഗ്രാം ഭാരമുള്ള ബാഗും കൈയിൽ ഇരുമ്പ് ചുറ്റികയുമായി രാഹുൽ ഗാന്ധി നടത്തം തുടങ്ങി. ധരിച്ചിരിക്കുന്ന ബനിയന് മുകളിൽ തൊഴിലാളികൾ അണിയുന്ന റിഫ്ലക്ടർ ജാക്കറ്റും പ്ലാസ്റ്റിക് തൊപ്പിയുമിട്ട് റെയിൽവേ ട്രാക്കിലൂടെയാണ് സഞ്ചാരം. ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും താഴെത്തട്ടിലുള്ള അടിസ്ഥാന വിഭാഗമായ ട്രാക്ക്മാൻമാരുടെ സംഘവും ഒപ്പമുണ്ട്.
ഇവരുടെ കൂടെ നടന്ന രാഹുൽ, ട്രാക്ക്മാൻമാർ അനുഭവിക്കുന്ന തൊഴിൽപരമായ പ്രശ്നങ്ങൾ വിശദമായി കേട്ടു. ‘റെയിൽവേയെ ചലനാത്മകവും സുരക്ഷിതവുമായി നിലനിർത്തുന്ന ട്രാക്ക്മാൻ സഹോദരന്മാർക്ക് ഈ സംവിധാനത്തിൽ പ്രമോഷനോ ഇമോഷനോ ഇല്ല. ഇന്ത്യൻ റെയിൽവേ ജീവനക്കാരിൽ ഏറ്റവും അവഗണിക്കപ്പെടുന്നത് ട്രാക്ക്മാൻമാരാണ്. അവരെ കാണാനും അവരുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും മനസ്സിലാക്കാനും എനിക്ക് അവസരം ലഭിച്ചു’ -സന്ദർശനത്തിന്റെ വിഡിയോ പങ്കുവെച്ച് രാഹുൽ എക്സിൽ കുറിച്ചു.
‘ഒരു ട്രാക്ക്മാൻ ദിവസവും 8-10 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിക്കണം. 35 കിലോഗ്രാം ഉപകരണങ്ങൾ വഹിക്കണം. ട്രാക്കിൽ നിന്ന് ജോലി ആരംഭിക്കുന്ന അവർ ട്രാക്കിൽ നിന്ന് തന്നെ വിരമിക്കുകയും ചെയ്യുന്നു. മറ്റ് ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെൻറൽ പരീക്ഷ എഴുതി ഉന്നത സ്ഥാനങ്ങൾ നേടാം. എന്നാൽ, ട്രാക്ക്മാൻമാർക്ക് അത്തരം പരീക്ഷകളിൽ പങ്കെടുക്കാൻ പോലും അനുവാദമില്ല’ -രാഹുൽ ചൂണ്ടിക്കാട്ടി.
रेलवे को गतिशील और सुरक्षित बनाए रखने वाले ट्रैकमैन भाइयों के लिए सिस्टम में ‘न कोई प्रमोशन है, न ही इमोशन’।
— Rahul Gandhi (@RahulGandhi) September 3, 2024
भारतीय रेल कर्मचारियों में ट्रैकमैन सबसे ज्यादा उपेक्षित हैं, उनसे मिल कर उनकी समस्याओं और चुनौतियों को समझने का मौका मिला।
ट्रैकमैन 35 किलो औजार उठाकर रोज 8-10 कि.मी.… pic.twitter.com/OL1Q49CLLN
ഓരോ വർഷവും 550 ഓളം ട്രാക്ക്മാൻമാർ ജോലിക്കിടയിലെ അപകടങ്ങൾ മൂലം കൊല്ലപ്പെടുന്നതായി ഇവർ പറഞ്ഞുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. അതീവ അപകടം പിടിച്ച ജോലിയിൽ മതിയായ സുരക്ഷ ക്രമീകരണം പൊലുമില്ല. ട്രാക്കിൽ ട്രെയിനിന്റെ വരവിനെക്കുറിച്ചുള്ള വിവരങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ ജോലി സമയത്ത് ഓരോ ട്രാക്ക്മാനും സുരക്ഷാ ഉപകരണങ്ങൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിപ്പാർട്ട്‌മെൻറൽ പരീക്ഷയിലൂടെ (എൽഡിസിഇ) സ്ഥാനക്കയറ്റത്തിനുള്ള അവസരം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികൂല സാഹചര്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെ രാപ്പകൽ അധ്വാനിക്കുന്ന ട്രാക്ക്മാൻ സഹോദരങ്ങൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ എന്തുവിലകൊടുത്തും നടപ്പാക്കണം. ട്രാക്ക്മാൻമാരുടെ കഠിനാധ്വാനത്തിലൂടെയാണ് കോടിക്കണക്കിന് രാജ്യവാസികളുടെ സുരക്ഷിതമായ റെയിൽ യാത്ര പൂർത്തീകരിക്കുന്നത് -രാഹുൽ എക്സിൽ എഴുതിയ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.