മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യ സ്വതന്ത്ര എം.പിയും നടിയുമായ സുമലത ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയാണ് ഇക്കുറി എൻ.ഡി.എ പ്രതിനിധിയായി മാണ്ഡ്യയിൽ മത്സരിക്കുന്നത്. കുമാരസ്വാമിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ നേരത്തേ അതൃപ്തി പ്രകടിപ്പിച്ച സുമലതയുമായി ബി.ജെ.പി നേതൃത്വം സംസാരിച്ചിരുന്നു. അതിനുശേഷമാണ് സുമലതയുടെ പ്രഖ്യാപനം.
മാണ്ഡ്യ സീറ്റിൽ എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ സിറ്റിങ് എം.പി സുമലതയുടെ മത്സരം ഒഴിവാക്കാൻ ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര മാണ്ഡ്യയിലെ അവരുടെ വീട്ടിലെത്തി ഒരു മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. സുമലതയെ ബി.ജെ.പിയിൽ ചേരാൻ ക്ഷണിച്ച വിജയേന്ദ്ര, മാണ്ഡ്യയിൽ സ്ഥാനാർഥിയാവരുതെന്ന് സുമലതയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരെ കണ്ട സുമലത, തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അനുയായികളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിനായി സുമലത ശ്രമിച്ചിരുന്നു. കോൺഗ്രസും ജെ.ഡി-എസും സഖ്യമായിരുന്നതിനാൽ മാണ്ഡ്യ സീറ്റ് ജെ.ഡി-എസിന് നൽകേണ്ടിവന്നു. ഇതോടെ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സുമലത ജെ.ഡി-എസ് നേതാവ് കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തി. തുടർന്നും ബി.ജെ.പിയോട് അടുപ്പം കാണിച്ച സുമലത കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ ബി.ജെ.പിയുടെ പ്രചാരണ റാലികളിൽ പങ്കെടുത്തിരുന്നു. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ സീറ്റിൽ ബി.ജെ.പിയുടെ പിന്തുണ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും കണ്ടിരുന്നു. എന്നാൽ, സഖ്യകക്ഷിയായ ജെ.ഡി-എസ് മണ്ഡ്യ സീറ്റിനായി കടുംപിടിത്തം തുടർന്നതോടെ ബി.ജെ.പിക്ക് വഴങ്ങേണ്ടിവന്നു. ഇതോടെയാണ് മണ്ഡ്യയിൽ ത്രികോണ മത്സരം രൂപപ്പെടുന്നത് തടയാൻ സുമലതയെ അനുനയിപ്പിക്കാൻ വിജയേന്ദ്ര രംഗത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.