ന്യൂഡൽഹി: വിയോജിപ്പുകൾ അനുബന്ധമായി ചേർക്കാതെ വഖഫ് ബില്ലിന്റെ കാര്യത്തിൽ സർക്കാർ കാണിച്ചത് തികഞ്ഞ കാടത്തമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലമെന്റ് പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാറിന്റെ അഹങ്കാരം കൊണ്ടാണ് പാർലമെന്റ് ചരിത്രത്തിൽ ഇതാദ്യമായി പ്രതിപക്ഷ പാർട്ടികൾ ഒരു വിഷയത്തിൽ ഒറ്റക്കെട്ടായി ഉറച്ചുനിന്നതും സഭ പ്രക്ഷുബ്ധമായതെന്നും ഇ.ടി ബഷീർ പറഞ്ഞു.
ജെ.പി.സി ഉണ്ടാക്കിയത് തന്നെ ബന്ധപ്പെട്ട എല്ലാവരോടും സംസാരിച്ച് അക്കാര്യത്തിലുള്ള വികാരവിചാരങ്ങളും വസ്തുതകളും മനസ്സിലാക്കി ആവശ്യമായ കാര്യങ്ങൾ ചെയ്യാനാണ്. എന്നാൽ വഖഫ് ജെ.പി.സി അതിന് പരിശ്രമിച്ചതേയില്ല. മാത്രമല്ല, പ്രതിപക്ഷ അംഗങ്ങൾ ഉയർത്തിയ വിയോജിപ്പുകൾക്ക് പുല്ലുവില പോലും കല്പിക്കാതെ കൂടുതൽ അപകടകരമായ വിധത്തിൽ ആണ് അവർ റിപ്പോർട്ട് തയാറാക്കിയത്.
വഖഫ് സ്വത്തുക്കളുടെ കയ്യേറ്റത്തിനാണ് ഇവിടെ സർക്കാർ വലിയ ആവേശം കാണിച്ചത്. ഏറ്റവും വലിയ വഖഫ് കയ്യേറ്റക്കാർ സർക്കാർ തന്നെയാണ്. സർക്കാർ സ്ഥാപനങ്ങൾ പലതും നിലനിൽക്കുന്നത് വഖഫ് സ്വത്തുക്കളിലാണ്. അതിനെ സംരക്ഷിക്കാൻ വേണ്ടി തങ്ങളുടെ കയ്യേറ്റത്തെ വെള്ളപൂശാൻ വേണ്ടിയുള്ള ഒരു അജണ്ടയും ഇതിന് പിന്നിലുണ്ടെന്നും ബഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.