ലഖ്നോ: കോൺഗ്രസിന്‍റെ ബ്രാഹ്മണ മുഖവും മുൻ എം.എൽ.എയുമായ ലളിതേഷ്പതി ത്രിപാഠി പാർട്ടി വിട്ടു. ഇന്ദിര ഗാന്ധിയുടെ കാലം മുതൽ പാർട്ടിക്ക് വേണ്ടി ത്യാഗം ചെയ്തവർക്ക് അർഹമായ ആദരവ് നൽകുന്നില്ലെന്നും അവർക്ക് വേണ്ടി പോരാടാൻ കഴിയാത്തതിനാൽ നിസ്സഹായനാണെന്നും പാർട്ടി വിട്ട വേളയിൽ ത്രിപാഠി പറഞ്ഞു. മദിഹാൻ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു.
മുൻ മുഖ്യമന്ത്രി കമലാപതി ത്രിപാഠിയുടെ ചെറുമകനും ഉത്തർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റുമായിരുന്നു അദ്ദേഹം. നാല് തലമുറകളായി തുടരുന്ന കുടുംബത്തിന്‍റെ കോൺഗ്രസ് ബന്ധമാണ് ലളിതേഷ്പതി ത്രിപാഠി അറുത്തുകളഞ്ഞത്.
'കോൺഗ്രസിൽ തുടരുന്നതിൽ എനിക്ക് ഒരു യുക്തിയും തോന്നിയില്ല. സ്വാതന്ത്ര്യസമര സേനാനികളായ, പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്കൊപ്പം നിന്ന, ഇന്ദിര ഗാന്ധിക്കൊപ്പം നിന്ന നിരവധി പാർട്ടി പ്രവർത്തകർ. അവർക്ക് വേണ്ടി പോരാടാൻ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞാൻ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്'-ലളിതേഷ്പതി ത്രിപാഠി വാരണാസിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തോട് എതിർപ്പില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്‍റെ അനുയായികളോട് ആലോചിച്ച ശേഷം മറ്റു പാർട്ടിയിൽ ചേരണമോയെന്ന് തീരുമാനിക്കുമെന്ന് വ്യക്തമാക്കി. ത്രിപാഠി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി ചർച്ച നടത്തിയതായി അഭ്യൂഹമുണ്ട്.
നേരത്തെ ഉത്തർ പ്രദേശിെല കോൺഗ്രസിന്‍റെ ബ്രാഹ്മണ മുഖമായിരുന്ന ജിതിൻ പ്രസാദ ബി.ജെ.പിയിൽ ചേർന്നിരുന്നു. അടുത്ത വർഷമാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.