കൈക്കൂലി കേസിൽ പവർഗ്രിഡ് കോർപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ അറസ്റ്റിൽ

ന്യൂഡൽഹി: വൻകിട പദ്ധതികളിൽ സ്വകാര്യ കമ്പനികൾക്ക് അനുകൂല തീരുമാനമെടുക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ പൊതുമേഖല സ്ഥാപനമായ പവർ ഗ്രിഡ് കോർപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ബി.എസ്. ഝായെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ലോകബാങ്ക് സഹായത്തോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടത്തുന്ന വൈദ്യുതി ശാക്തീകരണ പദ്ധതികളിൽ വഴിവിട്ട സഹായം ചെയ്യാൻ ടാറ്റ പ്രോജക്ട്സിൽനിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. കേസിൽ ടാറ്റ പ്രോജക്ട്സ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ദേഷ് രാജ് പതക്, അസി. വൈസ് പ്രസിഡന്റ് ആർ.എൻ. സിങ് ഉൾപ്പെടെ അഞ്ചുപേരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബുധനാഴ്ച 11 ഇടങ്ങളിലായി സി.ബി.ഐ സംഘം ആരംഭിച്ച പരിശോധന വ്യാഴാഴ്ചയും തുടർന്നിരുന്നു. പിന്നാലെ ഗുരുഗ്രാമിലെ ഝായുടെ ഓഫിസ് പരിസരങ്ങളിൽനിന്ന് 93 ലക്ഷം രൂപ കണ്ടെത്തിയതായും സി.ബി.ഐ വൃത്തങ്ങൾ അവകാശപ്പെട്ടു. ഝാ കൈക്കൂലി വാങ്ങുന്നതായി സി.ബി.ഐക്ക് നേരത്തേ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇറ്റാനഗറിലെ ഓഫിസിൽ നിയമിക്കപ്പെട്ടതു മുതൽ ഇദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു. അറസ്റ്റിലായ ആറുപേരെയും സി.ബി.ഐ പഞ്ച്കുള കോടതിയിൽ ഹാജരാക്കി.

ലോകബാങ്ക് ധനസഹായത്തോടെ വടക്കു കിഴക്കൻ മേഖലകളിലെ ഊർജരംഗത്തെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള സമഗ്ര പദ്ധതിക്ക് ടാറ്റ പ്രോജക്ട്സുമായി പവർഗ്രിഡ് കോർപറേഷൻ കരാറിലേർപ്പെട്ടിരുന്നു. സിക്കിം, അരുണാചൽ പ്രദേശ് മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ ചെയ്യാൻ ഝാ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ ആരോപണം.

Tags:    
News Summary - Executive Director of Powergrid Corporation arrested in bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.