വ്യാജ സ്വർണം നൽകി പണം തട്ടിയ കേസിലെ പ്രതികൾ

പഴയ സ്വർണം വിൽക്കാനുണ്ടെന്ന് ഫേസ്ബുക്കിൽ പരസ്യം; ആദ്യം നൽകിയത് ഒറിജിനൽ, രണ്ടാമത് വ്യാജൻ, അഞ്ച് ലക്ഷത്തിന്‍റെ തട്ടിപ്പ്

ഗൂഡല്ലൂർ: പഴയ സ്വർണം വിൽക്കാനുണ്ടെന്ന് പരസ്യം നൽകി വ്യാജ സ്വർണം നൽകി തിരുവനന്തപുരം സ്വദേശിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ ഇരിട്ടി സ്വദേശികളായ നാലുപേർ അറസ്റ്റിൽ. മുഹമ്മദ് സക്കറിയ (42), ബഷീർ (47), ഷൗക്കത്ത് അലി (43), ഇസ്മായിൽ (51) എന്നിവരെയാണ് ഗൂഡല്ലൂർ പൊലീസ് പിടികൂടിയത്. ഗൂഡല്ലൂർ മാക്കമൂല ഭാഗത്ത് വെച്ച് പിടിയിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം സ്വദേശിയായ ഷാഫിയെയാണ് പ്രതികൾ കബളിപ്പിച്ചത്. മെക്കാനിക്കായ ഷാഫി ഗൾഫിൽ നിന്ന് തിരിച്ചെത്തിയ സമയത്താണ് ഫേസ്ബുക്കിൽ പഴയ സ്വർണം വിൽപ്പനക്ക് എന്ന പരസ്യം കണ്ടത്. തുടർന്ന് ഫോണിലൂടെ മുഹമ്മദ് സക്കറിയയെ ബന്ധപ്പെട്ടു. മൈസൂരുവിൽവെച്ച് 16,000 രൂപയ്ക്ക് ചെറിയ സ്വർണ്ണമണികൾ കൈമാറി. ഇത് പരിശോധിച്ചപ്പോൾ ഒറിജിനൽ സ്വർണ്ണമാണെന്ന് വ്യക്തമായി.

ഇതിന് ശേഷം ഷാഫിയെ മുഹമ്മദ് സക്കറിയ വീണ്ടും വിളിച്ചു. തന്‍റെ സുഹൃത്തുക്കളുടെ കൈയിലും പഴയ സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഷാഫിയെ ഗൂഡല്ലൂരിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വെച്ച് അഞ്ച് ലക്ഷം രൂപക്ക് 400 ഗ്രാം സ്വർണം കൈമാറി. എന്നാൽ, പിന്നീട് ഇത് പരിശോധിച്ചപ്പോഴാണ് സ്വർണമല്ലെന്ന് തിരിച്ചറിഞ്ഞത്. പ്രതികൾ അപ്പോഴേക്കും മുങ്ങിയിരുന്നു.

തുടർന്ന് ഗൂഡല്ലൂർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സി.ഐ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ക്രൈം ടീമാണ് തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - fake gold scam team busted by gudallur police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.