ന്യൂഡൽഹി: തടയാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നും കർഷകർ ഗുസ്തി താരങ്ങളുടെ സമരവേദിയിലെത്തി. കർഷകർ ജന്തർ മന്തറിലെ സമരവേദിയിലെത്തുന്നത് തടയാനായാണ് ഡൽഹി പൊലീസ് ബാരിക്കേഡുകൾ തീർത്ത് റോഡ് അടച്ചത്. പഞ്ചാബ്, ഹരിയാന, യു.പി എന്നിവിടങ്ങളിലെ കർഷകരാണ് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങളുടെ സമരത്തിൽ അണിചേർന്നത്.
ലൈംഗികാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം തുടരുകയാണ്. ഇന്നലെ കർഷക സമര നേതാവ് രാകേഷ് ടികായതിന്‍റെ നേതൃത്വത്തിലെത്തിയ കർഷകർ ഗുസ്തി താരങ്ങൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
കർഷകരെ തടയാൻ ഡൽഹി അതിർത്തിയായ സിംഗു, തിക്രി തുടങ്ങിയ പ്രദേശങ്ങളിൽ പാരാമിലിട്ടറിയേയും സമരവേദിയായ ജന്തർമന്തറിൽ 2,000ത്തിലധികം പൊലീസുകാരെയും വിന്യസിച്ചിരിക്കുകയാണ്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരക്കാർ ഞായറാഴ്ച രാത്രി ഏഴിന് ജന്തർമന്തറിൽ മെഴുകുതിരി കത്തിച്ച് മാർച്ച് നടത്തി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. നിരന്തര ലൈംഗികാതിക്രമം ബ്രിജ് ഭൂഷന്‍റെ ഭാഗത്തുനിന്നുണ്ടായെന്നാണ് താരങ്ങൾ വ്യക്തമാക്കുന്നത്. പരാതി നൽകിയിട്ടും ബ്രിജ് ഭൂഷനെതിരെ നടപടിയല്ലാത്ത സാഹചര്യത്തിലാണ് താരങ്ങളുടെ സമരം. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റങ് പുനിയ, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെ താരങ്ങൾ സമരപ്പന്തലിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.