ഭുവനേശ്വർ: ഒഡിഷയിലെ മഴക്കെടുതി കർഷകൾക്ക് സമ്മാനിക്കുന്നത് തീരാദുരിതം. കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വിളനാശത്തിന്റെ ആഘാതത്തിൽ ഹൃദയാഘാതത്തെത്തുടർന്ന് മൂന്ന് കർഷകർ മരിച്ചപ്പോൾ, കൊയ്ത്തിന് തയാറായ നെല്ല് മഴയിൽ നശിച്ചത് കണ്ട് രണ്ട് പേർ ആത്മഹത്യ ചെയ്തു. വയലിൽ അവശേഷിക്കുന്ന നെല്ല് സംഭരിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച മറ്റൊരു കർഷകൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.
വർധിച്ചുവരുന്ന കർഷക മരണങ്ങളിൽ ആശങ്കാകുലനായ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ശനിയാഴ്ച അവലോകന യോഗം വിളിക്കുകയും കർഷകരുടെ വിളനാശത്തിന് നഷ്ടപരിഹാരം ഉറപ്പ് നൽകുകയും ചെയ്തു. ഡിസംബർ 30നകം വിളനഷ്ട റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മാജി നിർദേശം നൽകി.
‘ഞായറാഴ്ചക്കകം തങ്ങളുടെ വിളനഷ്ടം അറിയിക്കാൻ എല്ലാ കർഷകരോടും ഞാൻ അഭ്യർഥിക്കുന്നു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി എല്ലാ കർഷകർക്കും മാനദണ്ഡങ്ങൾക്കനുസൃതമായി നഷ്ടപരിഹാരം നൽകും’ -മാഹി പറഞ്ഞു. 72 മണിക്കൂറിനുള്ളിൽ 14,447 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ കൃഷി രക്ഷക് ആപ്പ് വഴിയോ സർക്കാറിനെ അറിയിക്കണമെന്ന് കർഷകരോട് മുഖ്യമന്ത്രി അഭ്യർഥിച്ചു. ഇതുവരെ 1.26 ലക്ഷം കർഷകർ കാലവർഷക്കെടുതിയിൽ ഉണ്ടായ കൃഷിനാശത്തെക്കുറിച്ച് അറിയിച്ചതായാണ് വിവരം.
മണിഭദ്ര മൊഹന്തി (62) ശനിയാഴ്ച രാവിലെ തന്റെ പാടത്ത് വിളവെടുക്കാറായ നെൽകൃഷി ഏതാണ്ട് നശിച്ചത് കണ്ട് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജാജ്പൂർ ജില്ലയിലെ ബിഞ്ജർപൂരിലാണ് സംഭവം. ഡിസംബർ 23ന് വിഷം കഴിച്ച മറ്റൊരു കർഷകൻ ദൈതാരി ജെന ശനിയാഴ്ച ആശുപത്രിയിൽ മരിച്ചു. ‘ മഴ നശിപ്പിച്ച വിളകളെല്ലാം കണ്ടതിന് ശേഷമാണ് അച്ഛൻ ഈ കടും കൈ ചെയ്തത് -മകൻ രഘുനാഥ് ജെന പറഞ്ഞു.
ഭദ്രക് ജില്ലയിൽ നിന്നാണ് വൈദ്യുതാഘാതമേറ്റ് മരണം റിപ്പോർട്ട് ചെയ്തത്. നരസിംഗ്പൂർ ഗ്രാമത്തിലെ പഞ്ചനൻ ദാസ് (45) മഴയിൽ നിന്ന് രക്ഷിച്ച നെല്ലുമായി പോവുന്നതിനിടെ വയലിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പി പൊട്ടി അയാളുടെ മേൽ പതിക്കുകയായിരുന്നു.
തിങ്കളാഴ്ച പുരി ജില്ലയിലെ ദുംഗുര ഗ്രാമത്തിൽ നിന്നുള്ള 75 കാരനായ പൂർണചന്ദ്ര ദലേയ്‌ക്ക് തന്റെ നെൽകൃഷിയുടെ അവസ്ഥ കണ്ട് ബോധം നഷ്ടപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഗഞ്ചം, കേന്ദ്രപാറ ജില്ലകളിൽനിന്ന് വ്യാഴാഴ്ച രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. അഞ്ചേക്കർ സ്ഥലത്ത് ഇറക്കിയ നെൽകൃഷി വെള്ളത്തിനടിയിലായതും നശിച്ചതും കണ്ട് ഗഞ്ചം സ്വദേശി ബനാമാലി പെന്തായി (64) ആത്മഹത്യ ചെയ്തു. കേന്ദ്രപാറയിൽ ഭാബാഗ്രാഹി മല്ലിക് (52) നെൽകൃഷി നശിച്ചത് കണ്ട് ഹൃദയാഘാതം മൂലം മരിച്ചു.
ഇത്തവണ മികച്ച വിളവ് ലഭിക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അവരുടെ പ്രതീക്ഷകൾ തകർന്നു. നെല്ലിന് പുറമെ പച്ചക്കറികൾ തുടങ്ങിയ വിളകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. നെൽവിത്തും വളവും ഉയർന്ന വിലക്കു വാങ്ങിയശേഷം പല കർഷകരും ഗണ്യമായ തുക ചെലവഴിച്ച് വിളകളെ വളർത്തി. സ്വകാര്യ പണമിടപാടുകാരിൽ നിന്ന് ഉയർന്ന പലിശക്ക് അവർ പലപ്പോഴും പണം കടം വാങ്ങി. തങ്ങളുടെ പ്രയത്‌നം പാഴാകുന്നത് കാണുമ്പോൾ അവർക്ക് മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും ഒന്നുകിൽ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ ഹൃദയാഘാതം മൂലം മരിക്കുകയോ ചെയ്യും -കർഷക നേതാവ് അക്ഷയ് കുമാർ പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളുടെ ഇരയാണ് ഒഡിഷയെന്ന് റവന്യൂ- ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി പറഞ്ഞു. വരൾച്ചയും മറ്റ് ദുരന്തങ്ങളും മൂലം വിളനാശം സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ കർഷകരിൽ നിന്ന് പ്രീമിയം നിരസിക്കുന്നതായി കണ്ടാൽ ഞങ്ങൾ കടുത്ത നിലപാട് സ്വീകരിക്കും. കർഷകരുടെ അവകാശവാദങ്ങൾക്ക് കാലതാമസം കൂടാതെ അന്തിമരൂപം നൽകാനും സമയബന്ധിതമായ നഷ്ടപരിഹാരം ഉറപ്പാക്കാനും അവരോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.