അഹമ്മദാബാദ്: 59കാരനായ ഭുപേന്ദ്ര പേട്ടൽ ഗുജറാത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. വിജയ് രൂപണി രാജിവെച്ച ഒഴിവിലേക്ക് ഉപമുഖ്യമന്ത്രി നിതിൻ പേട്ടൽ, മുൻ മന്ത്രി ഗോർദൻ സദാഫിയ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പേട്ടൽ എന്നിവരുടെ പേരുകളാണ് ഉയർന്നുവന്നിരുന്നത്. എന്നാൽ, നാല് വർഷം മുമ്പ് മാത്രം നിയമസഭയിലെത്തിയ ഭുപേന്ദ്ര പേട്ടലിന് നറുക്ക് വീഴുകയായിരുന്നു.
അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി പേട്ടൽ (പട്ടീദാർ) സമുദായത്തെ തൃപ്തിപ്പെടുത്തൽ ബി.ജെ.പിക്ക് അനിവാര്യമായിരുന്നു. ഇതിന്‍റെ ഭാഗമായി ഭുപേന്ദ്ര പേട്ടലിനെ മുഖ്യമന്ത്രിയാക്കിയതെന്നാണ് റിപ്പോർട്ട്.
യു.പി ഗവർണറും മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുമായ ആനന്ദിബെൻ പട്ടേലിന്‍റെ വിശ്വസ്തനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഘാട്ട്ലോദിയയിൽനിന്ന് കോൺഗ്രസിന്‍റെ ശശികാന്ത് പട്ടേലിനെതിരെ ഒരു ലക്ഷത്തിലധികം വോട്ടിനാണ് വിജയിച്ചത്.
ഇതിന് മുമ്പ് അഹമ്മദാബാദ് നഗര വികസന അതോറിറ്റിയുടെ ചെയർമാനായിരുന്നു. അംദവാദ് മുനിസിപ്പൽ കോർപ്പറേഷന്‍റെ സ്ഥിരംസമിതി അധ്യക്ഷനായും പ്രവർത്തിച്ചു. അഹമ്മദാബാദ് ഗവ. പോളിടെക്നിക്കിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയയാളാണ് ഭുപേന്ദ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.