ചെന്നൈ: നാല് തമിഴ് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീലങ്കൻ നാവികസേനക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ശ്രീലങ്കൻ നാവികസേനയുടെ ആക്രമണത്തെ തുടർന്നാണ് നാലുപേർ മരിച്ചതെന്ന മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്നാണ് പളനിസ്വാമി വിമർശനവുമായി രംഗത്തെത്തിയത്. തൊഴിലാളികളുടെ ജീവനോപാധി തകർക്കുന്നതാണ് ഇത്തരം നടപടികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മരിച്ച നാലുപേരുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകാനും മുങ്ങിയ ബോട്ടിെൻറ ഉടമക്ക് ദുരിതാശ്വാസ സഹായം നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടു. കൊളംബോയിലെ ഇന്ത്യൻ ഹൈകമീഷൻ വഴി സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പളനിസ്വാമി കത്തെഴുതി.
നാവികസേന കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങിയതായി മൂന്നു ദിവസത്തിന് ശേഷമാണ് ശ്രീലങ്ക അറിയിച്ചത്. ജനുവരി 18ന് പുതുക്കോട്ടെ ജില്ലയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ നാലുപേരും മടങ്ങിയെത്താത്തതിനെ തുടർന്ന് ഇന്ത്യൻ തീരസേനയുടെ കപ്പലും ഹെലികോപ്റ്ററുമടക്കം തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഇവർ കൊല്ലപ്പെട്ട വിവരം മത്സ്യത്തൊഴിലാളികൾ അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാലുപേരുടെയും മൃതദേഹങ്ങൾ ശ്രീലങ്കൻ നാവികസേന കണ്ടെടുത്തതായി രാമേശ്വരത്തുനിന്നുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു. ലങ്കൻ സമുദ്രാതിർത്തി കടന്ന 50ലേറെ ബോട്ടുകൾ പിടികൂടാനുള്ള നടപടി പുരോഗമിക്കവെ രക്ഷപ്പെടാൻ ശ്രമിച്ച ബോട്ട് നാവികസേന കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ശ്രീലങ്കൻ അധികൃതർ പറഞ്ഞു. നാലുപേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് രാമേശ്വരത്ത് പ്രതിഷേധം അരേങ്ങറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.