ന്യൂഡൽഹി: തുടർച്ചയായി 19ാം ദിവസവും ഇന്ധന വില വർധിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് വർധിച്ചത്. 19 ദിവസത്തിനിടെ ഒരു ലിറ്റർ ഡീസലിന് 10.04 രൂപയുടേയും പെട്രോളിന് 8.68 രൂപയുടേയും വർധനവാണുണ്ടായത്. ഡൽഹിയിൽ ഡീസൽ വില 80 കടന്നു. ബുധനാഴ്ച ഡീസൽ വില 48 പൈസ വർധിച്ച്, പെട്രോൾ വിലയെ മറികടന്നിരുന്നു. തുടർച്ചയായ 18 വർഷത്തിനിടെ ബുധനാഴ്ചയാണ് പെട്രോൾ വില മാറ്റമില്ലാതെ തുടർന്നത്.
മുംബൈയിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 86.54 രൂപയും ഡീസലിന് 78.22രൂപയുമാണ് നൽകേണ്ടത്. എന്നാൽ, ചെന്നൈയിൽ പെട്രോളിന് 83.04 രൂപയും ഡീസലിന് 77.17 രൂപയുമാണ് വില. കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും പെട്രോളിന് തന്നെയാണ് വില കൂടുതൽ.
2004ൽ ഒന്നാം മോദി സർക്കാർ അധികാരമേൽക്കുമ്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് 109.1 ഡോളറുള്ളപ്പോൾ രാജ്യതലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 71.51 രൂപയും ഡീസലിന് 57.28 രൂപയുമായിരുന്നു വില. പെട്രോൾ-ഡീസൽ വിലകൾ തമ്മിൽ 12 രൂപയിലേറെ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ പിന്നീട് സർക്കാർ 13 തവണയായാണ് എക്സൈസ് തീരുവ വർധിപ്പിച്ചത്.
രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ക്രൂഡ് ഓയിലിന് വില ഇടിഞ്ഞപ്പോഴും ഇന്ധനവില കുതിക്കുകയാണ്. ജൂൺ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്.
കോവിഡ് ബാധിതരുടെ എണ്ണത്തിലും ഇന്ധനവിലയിലുമുണ്ടായ വർധനവ് കാണിക്കുന്ന ഗ്രാഫ് ഉൾപ്പെടെ ചേർത്തിട്ട ട്വീറ്റിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാറിനെതിരെ വിമർശനമുന്നയിച്ചിട്ടുണ്ട്. മോദി സർക്കാർ കോവിഡ് മഹാമാരിയേയും പെട്രോൾ-ഡീസൽ വിലയേയും തുറന്നു വിട്ടിരിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.