മംഗളൂരു: മകളുടെ രണ്ടാംപിറന്നാൾ ആഘോഷിച്ച് മടങ്ങിയ മറാത്ത ലൈറ്റ് ഇൻഫൻട്രി ബറ്റാലിയൻ ജവാൻ അനൂപ് പൂജാരിയുടെ വീരമൃത്യു ഉൾക്കൊള്ളാനാവാതെ നാട്ടുകാർ. ജമ്മു കാശ്മീർ പൂഞ്ച് ജില്ലയിലെ മെന്ദർ മേഖലയിലെ ബൽനോയിയിൽ നിയന്ത്രണ രേഖക്ക് സമീപം പട്രോളിങ്ങിനിടെ സൈനിക ട്രക്ക് മറിഞ്ഞാണ് കുന്താപുരം ബിജാഡി സ്വദേശി നാരായണ പൂജാരിയുടെയും ചന്ദ്രി പൂജാരിയുടെയും മകൻ അനൂപ് പൂജാരി (31) വീരമൃത്യു വരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് 18 സൈനികരുമായി ട്രക്ക് ഇടുങ്ങിയ റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ച് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ മൂന്ന് പേർ കർണാടക സ്വദേശികളാണ്. മറ്റുള്ളവർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
13 വർഷം മുമ്പ് സൈന്യത്തിൽ ചേർന്ന അനൂപ് മറാത്ത ലൈറ്റ് ഇൻഫൻട്രി ബറ്റാലിയനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഒരു മാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് ഡ്യൂട്ടിയിൽ തിരിച്ചെത്തിയത്. കഴിഞ്ഞ 15നായിരുന്നു മകളുടെ രണ്ടാം പിറന്നാൾ. കോട്ടേശ്വരത്ത് നടന്ന കൊടി ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിന് മുമ്പ് മകളുടെ ജന്മദിനം ആഘോഷിച്ചു. അനൂപിന് ഭാര്യയും മകളും മാതാവും രണ്ട് സഹോദരിമാരുമുണ്ട്.
അനൂപിന്റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും. തുടർന്ന് തേക്കാട്ടെയിൽ നിന്ന് കോടേശ്വരം വഴി ജന്മനാടായ ബിജാദിയിലേക്ക് ഘോഷയാത്രയായി സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകും. ബിജാദിയിലെ പദുശാലെയിൽ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സാമൂഹിക പ്രവർത്തകൻ അശോക് പൂജാരി ബിജാഡി, ബിജാഡി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രകാശ് പൂജാരി എന്നിവരുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നു.
അനൂപ് പൂജാരി ഉൾപ്പെടെ കർണാടകയിൽ നിന്നുള്ള മൂന്ന് സൈനികരാണ് മരിച്ചത്. ബെളഗാവിക്കടുത്ത സാംബ്ര ഗ്രാമത്തിൽ നിന്നുള്ള സുബേദാർ ദയാനന്ദ് തിർക്കണ്ണവർ (45), മഹാലിംഗാപൂരിൽ നിന്നുള്ള മഹേഷ് മരിഗൊണ്ട (25) എന്നിവരാണ് വീരമൃത്യു വരിച്ച കർണാടകയിൽ നിന്നുള്ള മറ്റു സൈനികർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.