കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്ന ആക്രമണം വലിയ രാഷ്ട്രീയ ചേരിതിരിവിലേക്ക് വഴിതെളിച്ചിരിക്കുകയാണ്. യു.എസ് ‘ഡീപ് സ്റ്റേറ്റി’ന്‍റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്ന ശതകോടീശ്വരൻ ജോർജ് സോറോസിന്റെ പേരുമായും ഫൗണ്ടേഷനുമായും ബന്ധപ്പെടുത്തിയാണ് ഭരണ കക്ഷി ഇത് ഉയർത്തിക്കൊണ്ടുവരുന്നത്. ആരാണ് ജോർജ് സോറോസ്.
1930ൽ ഹംഗറിയിൽ ജനിച്ച ജോർജ് സോറോസ് ജൂത വംശജനാണ്. ജർമനിയിലെ നാസി അധിനിവേശത്തിൽ നിന്ന് രക്ഷപ്പെട്ട് അദ്ദേഹം 1947ൽ യു.കെയിലേക്ക് ചേക്കേറി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പഠനത്തിന് പണം കണ്ടെത്തുന്നതിനായി സോറോസ് റെയിൽവേ പോർട്ടറായും വെയിറ്ററായും ജോലി ചെയ്തു.
1956ൽ, സോറോസ് യു.എസിലേക്ക് കുടിയേറുകയും നിരവധി മർച്ചന്‍റ് ബാങ്കുകളുടെ അനലിസ്റ്റായി ധനകാര്യത്തിൽ തന്റെ തൊഴിൽ ആരംഭിക്കുകയും ചെയ്തു. 1969ൽ അദ്ദേഹം തന്റെ ആദ്യത്തെ ഫണ്ട് മാനേജ്മെന്‍റ് സ്ഥാപനമായ ‘ഡബിൾ ഈഗിൾ’ ആരംഭിച്ചു. ഈ ഫണ്ടിന്റെ വിജയം 1970ൽ രണ്ടാമത്തെ ഹെഡ്ജ് ഫണ്ടായ ‘സോറോസ് ഫണ്ട് മാനേജ്‌മെന്‍റ്’ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. അത് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഹെഡ്ജ് ഫണ്ടുകളിൽ ഒന്നായി മാറി.
ആഗോളതലത്തിൽ ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിച്ച ‘ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനി’ലൂടെയുള്ള തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലാണ് സോറോസ് അറിയപ്പെടുന്നത്. 1979നും 2011നും ഇടയിൽ, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 1,1000 കോടി ഡോളറിലധികം സംഭാവന നൽകിയതായി റിപ്പോർട്ടു വന്നു. 1984ൽ ‘സോറോസ് ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ്’ സ്ഥാപിച്ചു. 120ലധികം രാജ്യങ്ങളിൽ നീതി, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ എന്നിവയുടെ മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധമായ ഒരു സംഘടനയായാണ് ഇത് അറിയപ്പെടുന്നത്.
കറൻസി ഊഹക്കച്ചവടത്തിന് സോറോസ് പ്രശസ്തി നേടി. ഏറ്റവും പ്രശസ്തമായ കാര്യം 1992 ലെ ‘ബ്ലാക്ക് വെഡ്‌ഡേ’ എന്ന പ്രതിസന്ധി ഘട്ടത്തിൽ ബ്രിട്ടീഷ് പൗണ്ടിൽ ഷോർട്ട് സെല്ലിംഗ് വഴി അദ്ദേഹം ഏകദേശം 100 കോടി ഡോളർ ലാഭം ഉണ്ടാക്കിയെന്നതാണ്. ഈ സംഭവം അദ്ദേഹത്തിന് ‘ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകർത്ത മനുഷ്യൻ’ എന്ന വിശേഷണം നൽകി. തന്റെ നിക്ഷേപ തന്ത്രങ്ങളിൽ ‘റിഫ്ലെക്‌സിവിറ്റി’ സിദ്ധാന്തം പോലുള്ള നൂതനമായ സമീപനങ്ങൾ ഉൾപ്പെടുത്തി. അത് വിപണി വിലയെ സാമ്പത്തിക അടിസ്ഥാനങ്ങളെക്കാൾ നിക്ഷേപകരുടെ ധാരണകളും പ്രവർത്തനങ്ങളും സ്വാധീനിക്കുന്നുവെന്ന് പ്രസ്‌താവിക്കുന്നു.
വർണവിവേചനത്തിൻ കീഴിലുള്ള ദക്ഷിണാഫ്രിക്കക്കാർക്കുള്ള സ്കോളർഷിപ്പോടെയാണ് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കിഴക്കൻ യൂറോപ്പിലെ ജനാധിപത്യ പ്രസ്ഥാനങ്ങളെ പിന്തുണക്കുന്നതിനായി അത് വിപുലീകരിച്ചു. ബുഡാപെസ്റ്റിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി പോലുള്ള വിദ്യാഭ്യാസ പരിപാടികൾ ഉൾപ്പെടെ ‘തുറന്ന സമൂഹങ്ങളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള’ നിരവധി സംരംഭങ്ങൾക്ക് സോറോസിന്റെ ഫൗണ്ടേഷനുകൾ ധനസഹായം നൽകിയിട്ടുണ്ട്. സാമൂഹിക കാരണങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത, യു.എസിലെ മയക്കുമരുന്ന് നയ പരിഷ്കരണത്തിനും എൽ.ജി.ബി.ടി.ക്യു അവകാശങ്ങൾക്കും വേണ്ടി വാദിക്കുന്നതിലേക്കും അദ്ദേഹത്തെ നയിച്ചു.
യു.എസിൽ, പുരോഗമനപരമായ കാരണങ്ങളുടേയും സ്ഥാനാർഥികളുടേയും പ്രധാന ഗുണഭോക്താവായി സോറോസിനെ ഡെമോക്രാറ്റുകൾ പരാമർശിക്കാറുണ്ട്. വിവിധ ഡെമോക്രാറ്റിക് സംരംഭങ്ങളെയും പ്രചാരണങ്ങളെയും പിന്തുണക്കുന്നതിൽ അദ്ദേഹത്തിന്റെ സാമ്പത്തിക സംഭാവനകൾ പ്രധാനമാണ്. ബറാക് ഒബാമ, ഹിലരി ക്ലിന്‍റൺ തുടങ്ങിയ വ്യക്തികളെ അടക്കം പിന്തുണച്ചുകൊണ്ട് യു.എസിലെ പുരോഗമന രാഷ്ട്രീയ സാഹചര്യത്തിന്റെയും സ്ഥാനാർത്ഥികളുടെ ഒരു പ്രധാന പിന്തുണക്കാരനാണ് സോറോസ് അറിയപ്പെടുന്നത്. സാമ്പത്തിക സംഭാവനകൾ മുൻകാലങ്ങളിൽ അദ്ദേഹത്തെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമാക്കി.
അമേരിക്കൻ ‘ഡീപ് സ്റ്റേറ്റ്’ ആരോപണം തേടിയെത്തി. തന്റെ സംഭാവനകളിലൂടെ രാഷ്ട്രീയ വിഷയങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി വിമർശകർ ആരോപിച്ചു. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് സമയത്ത്. കൂടാതെ റിപ്പബ്ലിക്കൻമാരുടെ, വിശേഷിച്ച് ഡൊണാൾഡ് ട്രംപിനെ പിന്തുണക്കുന്നവരുടെ വിമർശനങ്ങളുടെ കേന്ദ്രബിന്ദുവായി അദ്ദേഹം മാറി. ലിബറൽ ഓർഗനൈസേഷനുകളുടെയും സംരംഭങ്ങളുടെയും ഫണ്ടിംഗിലൂടെ യു.എസ് രാഷ്ട്രീയത്തെ സ്വാധീനിക്കാൻ അദ്ദേഹം ശ്രമിച്ചതായി അവർ പതിവായി ആരോപിക്കുന്നു.
ജോർജ് സോറോസ് തന്റെ 25 ബില്യൺ ഡോളറിന്റെ സാമ്പത്തിക-ചാരിറ്റബിൾ ഓർഗനൈസേഷന്റെ നിയന്ത്രണം അദ്ദേഹത്തിന്റെ മകൻ അലക്സ് സോറോസിന് കൈമാറിയിരിക്കുകയാണ്. ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ചരിത്ര ബിരുദവും ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും നേടിയ 37 കാരനായ അലക്‌സ് ജോർജ് സോറോസിന്റെ അഞ്ച് മക്കളിൽ രണ്ടാമത്തെ ആളാണ്. ‘സോറോസ് ഫണ്ട് മാനേജ്‌മെന്‍റി’ന്‍റെ നിക്ഷേപ സമിതിയിലെ ഏക കുടുംബ പ്രതിനിധിയാണ് ഇദ്ദേഹം. 2022 ഡിസംബർ മുതൽ, അലക്സ് ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകളുടെ ചെയർമാനായി സേവനമനുഷ്ഠിക്കുന്നുണ്ട്. കൂടാതെ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുന്ന പിതാവിന്റെ ‘സൂപ്പർ പി.എ.സി’യും കൈകാര്യം ചെയ്യുന്നു.
ഒരു അഭിമുഖത്തിൽ, തന്റെ മകന്റെ നേതൃത്വത്തിലുള്ള ആത്മവിശ്വാസം ജോർജ് വീണ്ടും ഉറപ്പിച്ചു. പിതാവിനേക്കാൾ ‘കൂടുതൽ രാഷ്ട്രീയക്കാരനാണ്’ എന്നാണ് അലക്‌സ് സ്വയം വിശേഷിപ്പിച്ചത്. യു.എസ് പ്രസിഡന്‍റായി രണ്ടാം തവണയും ഡൊണാൾഡ് ട്രംപിന്റെ ശ്രമത്തെ എതിർക്കുമെന്ന് ഇദ്ദേഹം നേരത്തെ പ്രതിജ്ഞയെടുത്തുവെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു.
2023 ജനുവരിയിൽ, യു.എസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ്, അദാനി ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ ഗൗതം അദാനിക്കെതിരെ റിപ്പോർട്ട് പുറത്തിറക്കി. ഇതിനെത്തുടർന്ന് സോറോസ് 2023 ഫെബ്രുവരിയിൽ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിനെ അഭിസംബോധന ചെയ്യവെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിൽപനയെക്കുറിച്ച് സംസാരിച്ചു. പ്രധാനമന്ത്രി മോദിയെ ‘ജനാധിപത്യവാദിയല്ല’ എന്ന് വിമർശിച്ച അദ്ദേഹം, അദാനി പ്രശ്നം ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിന് കാരണമാകുമെന്ന് പറഞ്ഞു. ഇതാണ് ബി.ജെ.പിയെയും മോദിയെയും ചൊടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.