ഹൈദരാബാദ്: ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും കുടിയൊഴിപ്പിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് എഴുത്തുതന്നാൽ സർക്കാരിന്‍റെ പ്രതികരണം കാണാമെന്ന് അമിത്ഷാ. ഗ്രേറ്റർ ഹൈദരാബാദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഷാ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്ക് മറുപടി നൽകുകയായിരുന്നു.
പാർലമെന്‍റിൽ ബംഗ്ലാദേശികളുടെയും റോഹിങ്ക്യകളുടെയും വിഷയം ചർച്ച ചെയ്യുമ്പോഴെല്ലാം ആരാണ് അവരുടെ പക്ഷത്താകുന്നത്? ആളുകൾക്ക് അത് അറിയാമെന്നും അവർ ടി.വിയിൽ എല്ലാം കാണുന്നുണ്ടെന്നും ഷാ പറഞ്ഞു. 30,000-40,000 റോഹിങ്ക്യകളെങ്കിലും വോട്ടർ പട്ടികയിൽ ഉണ്ടെന്ന് പറഞ്ഞ ബി.ജെ.പി അതിൽ ആയിരം പേരുടെയെങ്കിലും പേര് കാണിച്ചുതരണമെന്ന ഉവൈസിയുടെ വെല്ലുവിളിക്ക് മറുപടി പറുകയായിരുന്നു ഷാ.
'ഞാൻ നടപടിയെടുക്കുമ്പോൾ, അവർ പാർലമെന്‍റിൽ ഒരു കോലാഹലം സൃഷ്ടിക്കുന്നു. അദ്ദേഹം എത്ര ഉച്ചത്തിൽ നിലവിളിക്കുന്നുവെന്ന് നിങ്ങൾ കണ്ടില്ലേ? ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും കുടിയൊഴിപ്പിക്കണമെന്ന് രേഖാമൂലം നൽകാൻ അവരോട് പറയുക. ഞാൻ അത് ചെയ്യും' -ഷാ പറഞ്ഞു.
'നിസാം സംസ്കാരത്തിൽ നിന്ന് ഞങ്ങൾ ഹൈദരാബാദിനെ മോചിപ്പിക്കുകയും ജനാധിപത്യ തത്വങ്ങളിൽ അധിഷ്ഠിതമായ ഒരു ആധുനിക നഗരം നിർമ്മിക്കാൻ പ്രവർത്തിക്കുകയും ചെയ്യും. രാജവംശ രാഷ്ട്രീയത്തിൽ നിന്ന് ഞങ്ങൽ ഹൈദരാബാദിനെ മാറ്റും' -അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ് മേയർ ബി.ജെ.പിയിൽ നിന്നാകുമെന്ന് ആത്മവിശ്വാസമുണ്ട്. ബി.ജെ.പിയ്ക്ക് വളരെയധികം പിന്തുണ നൽകിയതിന് ഹൈദരാബാദ് ജനങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. സെക്കന്തരാബാദിലെ വരാസിഗുഡയിൽ റോഡ്ഷോ നടത്തിയ ശേഷം ഷാ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഡിസംബർ ഒന്നിനാണ് ജി.എച്ച്.എം.സിയിലേക്കുള്ള തിരഞ്ഞെടുപ്പ്, 4 ന് വോട്ടെണ്ണും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 99 വാർഡുകളിൽ തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചു. എ.ഐ.എം.ഐ.എം 44 ഉം ബാക്കി ഏഴ് വാർഡുകൾ മറ്റ് പാർട്ടികളും സ്വതന്ത്രരും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.