മുംബൈ: പോളിയോ വാക്സിന് പകരം സാനിറ്റൈസർ തുള്ളി നൽകിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ അഞ്ച് വയസിൽ താഴെയുള്ള 12 കുട്ടികൾ ആശുപത്രിയിലായി.
മഹാരാഷ്ട്രയിലെ യവത്മൽ ജില്ലയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഞായറാഴ്ചയാണ് സംഭവം.
കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ സസ്പെൻഡ് ചെയ്തതായി യവത്മൽ ജില്ല കൗൺസിൽ സി.ഇ.ഒ ശ്രീകൃഷ്ണ പഞ്ചാൽ പറഞ്ഞു. ഒന്നു മുതൽ അഞ്ച് വരെ പ്രായമുള്ള രണ്ടായിരത്തോളം കുട്ടികളാണ് മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം കേന്ദ്രത്തിൽ തുള്ളിമരുന്ന് സ്വീകരിക്കാനായി എത്തിയത്.
'യവത്മാലില്‍ 12 കുട്ടികള്‍ക്ക് പോളിയോ വാക്സിന് പകരം ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ നില തൃപ്തികരമാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, ഡോക്ടര്‍, ആശ വര്‍ക്കർ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യും' -പഞ്ചൽ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
വാക്സിന് സമീപത്ത് വെച്ച സാനിറ്റൈസർ ബോട്ടിൽ നഴ്സുമാര്‍ അബദ്ധത്തിൽ എടുത്ത് വാക്സിനാണെന്ന് തെറ്റിദ്ധരിച്ച് കുട്ടികൾക്ക് നൽകുകയായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
സാനിറ്റൈസർ സ്വീകരിച്ച കുട്ടികൾക്ക് തലചുറ്റലും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 30നായിരുന്നു രാജ്യത്ത് ദേശീയ വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.