ഗുജറാത്ത്: മെച്ചപ്പെട്ട ശമ്പളം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തുടനീളം അനിശ്ചിതകാല പണിമുടക്കിൽ പങ്കെടുത്ത 1300 ലധികം ആരോഗ്യ പ്രവർത്തകരെ പിരിച്ചുവിട്ടു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും ജോലി പുനരാരംഭിക്കാത്തതിനാലാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. ശമ്പള സ്കെയിലുകൾ, സാങ്കേതിക കേഡറുകളിൽ ഉൾപ്പെടുത്തൽ, വകുപ്പുതല പരീക്ഷകൾ റദ്ദാക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
പണിമുടക്കിൽ ഏകദേശം 11000 പേർ പങ്കെടുത്തതായും അതിൽ 5000 പേർ ഇപ്പോഴും സമരം തുടരുകയാണെന്നും സർക്കാർ അറിയിച്ചു. എന്നാൽ സമരം പിൻവലിച്ചാൽ മാത്രമേ ചർച്ചകൾ നടത്തുകയുള്ളൂവെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ആരോഗ്യമന്ത്രി ഋഷികേഷ് പട്ടേൽ.
തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടതിൽ പ്രതിപക്ഷ നേതാക്കളും തൊഴിലാളി യൂണിയനുകളും പ്രതിഷേധവുമായി രംഗത്തെത്തി. കോവിഡ് കാലത്ത് നിർണായക പങ്ക് വഹിച്ച ആരോഗ്യ പ്രവർത്തകരെ ശിക്ഷിക്കുന്നത് നീതിയില്ലാത്ത നടപടിയാണെന്നും അവരുടേത് നീതിയുക്തമായ ആവശ്യങ്ങളാണെന്നും കോൺഗ്രസ് നേതാവ് അമിത് ചാവ്ദ ആരോപിച്ചു.
മാർച്ച് 12 മുതൽ ആരംഭിച്ച പണിമുടക്ക് സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ സേവനങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചു. പല സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സീനിയർ ഡോക്ടർമാരും മറ്റ് ജീവനക്കാരുമില്ലാത്ത അവസ്ഥയിലാണ്.
സബർകാന്ത ജില്ലയിൽ മാത്രം 400 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്. ഇവിടെ 115 പേർ സർക്കാർ നോട്ടീസ് ലഭിച്ചതിനു ശേഷം ജോലിയിൽ തിരിച്ചെയെത്തിയെങ്കിലും 405 പേർ ഇതുവരെ ഹാജരായിട്ടില്ല. കൂടാതെ, 55 സൂപ്പർവൈസർമാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായും അന്വേഷണം നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി 2022 സെപ്റ്റംബറിൽ ആരോഗ്യ പ്രവർത്തകർ വൻ പ്രതിഷേധം നടത്തിയിരുന്നു. ബിജെപി സർക്കാർ അന്ന് അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതിന് അനുസൃതമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.