വിദേശത്തുനിന്ന് വരുന്നവർക്ക് ഏഴ് ദിവസം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റീൻ

ന്യൂഡൽഹി: വിദേശത്തുനിന്ന് രാജ്യത്ത് എത്തുന്നവർക്ക് ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റീൻ നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശം ഇറക്കി. ഏഴ് ദിവസത്തെ ക്വാറന്‍റീന് പിന്നാലെ ഏഴ് ദിവസം വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുകയും വേണം. അതേസമയം, സംസ്ഥാനങ്ങൾക്ക് സ്വന്തം നിലക്ക് ക്വാറന്‍റീൻ മാനദണ്ഡങ്ങൾ ആവിഷ്കരിക്കാമെന്നും മാർഗരേഖയിൽ പറയുന്നു. ആഗസ്റ്റ് എട്ട് മുതലാണ് പുതിയ മാർഗനിർദേശം നിലവിൽ വരിക. 

അസുഖങ്ങളുള്ളവർ, ഗർഭിണികൾ, കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് വരുന്നവർ, 10 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കൊപ്പം വരുന്ന രക്ഷിതാക്കൾ എന്നിവർക്ക് ക്വാറന്‍റീൻ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർ വീടുകളിൽ 14 ദിവസം സ്വയം സമ്പർക്കവിലക്കിൽ കഴിഞ്ഞാൽ മതി. 

ക്വാറന്‍റീൻ ഇളവ് ആവശ്യമുള്ളവർ യാത്രക്ക് 72 മണിക്കൂർ മുമ്പായി www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷിക്കണം. അർഹത പരിശോധിച്ചാണ് ഇളവ് നൽകുക. 

ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിച്ചവർക്കും ക്വാറന്‍റീനിൽ ഇളവുണ്ട്. യാത്ര ആരംഭിക്കുന്നതിന് 96 മണിക്കൂറിനുള്ളിൽ ഈ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചിരിക്കണം.

ഇന്ത്യയിലേക്കുള്ള വിമാനത്തിലോ കപ്പലിലോ യാത്ര ചെയ്യുന്നവരെ തെർമൽ സ്ക്രീനിങ് നടത്തി അസുഖ ലക്ഷണമില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ യാത്രക്ക് അനുവദിക്കൂ. റോഡ് മാർഗം എത്തുന്നവർക്കും ഇതേ പ്രോട്ടോകോൾ നടപ്പാക്കും. യാത്രക്കിടെ സർക്കാർ നിർദേശിച്ച സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.