എൻ.സി.ഡബ്ല്യു മേധാവിക്കെതിരായ അപകീർത്തിപരമായ പരാമർശം; മഹുവ മൊയ്ത്രയുടെ ഹരജിയിൽ മറുപടി നൽകാൻ പൊലീസിനോട് ഉത്തരവിട്ട് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖ ശർമ്മയ്‌ക്കെതിരായ സോഷ്യൽ മീഡിയ പരാമർശത്തിൽ തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭാ എം.പിയുമായ മഹുവ മൊയ്ത്ര നൽകിയ ഹരജിയിൽ മറുപടി നല്കാൻ ഡൽഹി സിറ്റി പൊലീസിനോട് ഡൽഹി ഹൈകോടതി പറഞ്ഞു.

ഹരജിയിൽ ഡൽഹി പൊലീസിന് നോട്ടീസ് അയച്ച ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അതേസമയം എഫ്.ഐ.ആറിൻ്റെ നിയമസാധുതയെക്കുറിച്ചുള്ള വാദങ്ങൾക്കായി ഹൈകോടതി ഹരജി നവംബർ 6 ലേക്ക് മാറ്റി.

ഉത്തർപ്രദേശിലെ ഹഥ്രാസിലെ ദുരന്ത മേഖല സന്ദർശിച്ച ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖ ശർമ്മ സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോക്ക് താഴെ ഇട്ട കമന്റ് അപകീർത്തിപരമാണെന്നായിരുന്നു മഹുവ മൊയ്ത്രയ്ക്കെതിരായ പരാതി.

തങ്ങൾ ആവശ്യപ്പെട്ടിട്ടും എഫ്.ഐ.ആറിൻ്റെ പകർപ്പ് നൽകിയില്ലെന്ന് മൊയ്‌ത്രയ്‌ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് വാദിച്ചു. തുടർന്ന് പൊലീസിൻ്റെ അഭിഭാഷകൻ എഫ്.ഐ.ആർ കോപ്പി കോടതിയിലെ ഹരജിക്കാരൻ്റെ അഭിഭാഷകന് കൈമാറുകയായിരുന്നു.

മൊയ്‌ത്രയുടെ അപകീർത്തികരമായ പരാമർശങ്ങളിൽ എൻ.സി.ഡബ്ല്യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും എഫ്.ഐ.ആറിൽ പറയുന്നു.

ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ സൻഹിത പ്രകാരം ഡൽഹി പോലീസിൻ്റെ പ്രത്യേക സെൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ എഫ്.ഐ.ആർ ആയിരുന്നു മഹുവ മൊയ്ത്രയുടേത്.

Tags:    
News Summary - Defamatory remarks against NCW chief; Delhi High Court orders police to respond to Mahua Moitra's plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.