ന്യൂഡൽഹി: ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും സഹകരണത്തോടെ ക്ഷേത്രം പണിയുക മാത്രമാണ് ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്തിെൻറ ഉടമാവകാശ തർക്കത്തിന് പരിഹാരമെന്ന് ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ. തർക്കം കോടതിക്ക് പുറത്ത് പരിഹരിക്കാൻ മധ്യസ്ഥനായി സ്വയം രംഗത്തിറങ്ങിയ രവിശങ്കർ അയോധ്യ സന്ദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു.
100 വർഷങ്ങൾക്ക് ശേഷം നീതി നടപ്പായില്ലെന്ന് ഒരു സമുദായം മാത്രം ചിന്തിച്ചു. ഇതേപ്രശ്നം ഇനിയും ഉയർന്നുവരാം. പ്രശ്നം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഇരു സമുദായങ്ങളും ചേർന്ന് വലിയ ക്ഷേത്രം നിർമിക്കുകയാണ് പോംവഴി. ഇൗ സ്വപ്നം യാഥാർഥ്യമാകണം. സമുദായങ്ങൾക്കിടയിൽ സ്നേഹവും സാഹോദര്യവും മഹാമനസ്കതയുമുണ്ടാകണമെന്നും രവി ശങ്കർ പറഞ്ഞു. എന്നാൽ, അയോധ്യയിലേക്ക് ഒരു ഫോർമുലയും കൊണ്ടല്ല താൻ വന്നതെന്നും രവിശങ്കർ വ്യക്തമാക്കി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട ശേഷമാണ് രവിശങ്കർ വ്യാഴാഴ്ച അയോധ്യ സന്ദർശിച്ചത്. രാമജൻമഭൂമി ന്യാസ് നേതാവ് നൃത്യ ഗോപാൽ ദാസ്, തർക്ക ഭൂമി ഉടമാവകാശ പരാതിക്കാരൻ ഇഖ്ബാൽ അൻസാരി, നിർമോഹി അഖാഡ നേതാക്കൾ, ബാബരി കേസ് പരാതിക്കാരൻ ഹാജി മെഹബൂബ് എന്നിവരുമായി രവിശങ്കർ കൂടിക്കാഴ്ച നടത്തി.
ഇൗ പ്രശ്നത്തിൽ സംഭാഷണമാണ് പ്രധാനം അത് സമാധാനത്തിലേക്കുള്ള വഴിയാണ്. ഞാൻ എല്ലാവരുമായും സംസാരിക്കും. എനിക്കിതിൽ പ്രത്യേക അജൻഡകളില്ല. കോടതിയെ ഞാൻ ബഹുമാനിക്കുന്നു എന്നാൽ കോടതിക്ക് മനുഷ്യരുടെ ഹൃദയങ്ങളെ മെരുക്കാനുള്ള കഴിവില്ല. ഒരുപാട് താമസിച്ചു പോയിരിക്കുന്നു. പക്ഷെ ഇപ്പോളും പ്രതീക്ഷക്ക് വകയുണ്ട്. ഇരു കൂട്ടരെയും ഒരുമിച്ചിരുത്താൻ സമയം ആവശ്യമാണ്. നല്ലത് സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു- രവിശങ്കർ പറഞ്ഞു. ക്ഷേത്രത്തിന് മുസ്ലിംകൾ എതിരല്ല. അവരിൽ ചിലർക്ക് യോജിക്കാൻ കഴിയില്ലെങ്കിലും പൊതുവെ രാമക്ഷേത്രത്തിന് അനുകൂലമാണ് മുസ്ലിംകളുടെ നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.