അഹമ്മദാബാദ്: ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ദഹേജിലെ കെമിക്കൽ പ്ലാന്റിൽ വാതക ചോർച്ചയെ തുടർന്ന് വിഷപ്പുക ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു. ശനിയാഴ്ച രാത്രി 10 മണിയോടെ ഗുജറാത്ത് ഫ്ലൂറോകെമിക്കൽസ് ലിമിറ്റഡിന്റെ (ജി.എഫ്.എൽ) പ്രൊഡക്ഷൻ യൂനിറ്റിലെ പൈപ്പിൽനിന്ന് ചോർന്ന വിഷപ്പുക ശ്വസിച്ചാണ് ഇരകൾ ബോധരഹിതരായതെന്ന് ദഹേജ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.എം.പാട്ടിദാർ പറഞ്ഞു. തൊഴിലാളികളെ ബറൂച്ചിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരിൽ മൂന്നു പേർ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയും ഒരാൾ 6 മണിയോടെയും മരണത്തിന് കീഴടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കമ്പനിയുടെ സി.എം.എസ് പ്ലാന്റിന്റെ താഴത്തെ നിലയിലൂടെ കടന്നുപോകുന്ന പൈപ്പിൽ നിന്നുള്ള വാതക ചോർച്ചയെത്തുടർന്ന് നാല് തൊഴിലാളികൾ ബോധരഹിതരായി വീണു. രാത്രി 10 മണിയോടെയാണ് സംഭവം. ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരും മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രാജേഷ് കുമാർ (ഗുജറാത്ത് സ്വദേശി), മുദ്രിക യാദവ് (ജാർഖണ്ഡ് സ്വദേശി), സുഷിത് പ്രസാദ്, മഹേഷ് നന്ദലാൽ (ഇരുവരും ഉത്തർപ്രദേശ് സ്വദേശികൾ) എന്നിവരാണ് മരിച്ചത്.
സംഭവം അന്വേഷിക്കുമെന്നും മരിച്ച ഓരോ തൊഴിലാളികളുടെയും ബന്ധുക്കൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും ഡെപ്യൂട്ടി ജനറൽ മാനേജർ ജിഗ്നേഷ് പർമർ പറഞ്ഞു. മരിച്ചവരിൽ മൂന്ന് പേർ ഇതര സംസ്ഥാനക്കാരാണെന്ന് ബറൂച്ചിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മനീഷ മനാനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.