ഹൽദ്വാനി: അനധികൃതമായി നിർമിച്ചതെന്നാരോപിച്ച് മദ്റസ കെട്ടിടം പൊളിച്ചതിനെ തുടർന്ന് സംഘർഷമുണ്ടായ ഹൽദ്വാനിയിലേക്ക് കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്ന് ഉത്തരാഖണ്ഡ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
സംഘർഷം ഉടലെടുത്ത ബൻഭൂൽപുര പ്രദേശത്ത് ക്രമസമാധാനപാലനത്തിനായി നിലവിൽ 1100 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ, കേന്ദ്ര അർധസൈനികസേനയുടെ 100 പേർ വീതമുള്ള നാലു കമ്പനികളെക്കൂടി അയക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി രാധാ രതുരി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.
അതേസമയം, ബൻഭൂൽപുര പ്രദേശത്ത് കർഫ്യൂവിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, ടൗണിനു പുറത്ത് പിൻവലിച്ചു. കർഫ്യൂ പ്രദേശങ്ങളിൽ റോഡുകൾ വിജനമാണ്. കടകൾ അടഞ്ഞുകിടക്കുകയുമാണ്. സംഘർഷത്തെക്കുറിച്ച് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. 15 ദിവസത്തിനകം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് വെടിവെപ്പിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.