ന്യൂഡൽഹി: കാനഡയുമായുള്ള നയതന്ത്ര പ്രതിസന്ധിക്കിടെ വീണ്ടും ആരോപണവുമായി ഇന്ത്യ. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ നിരീക്ഷിച്ചുവെന്ന ആരോപണമാണ് ഉയർത്തിയിരിക്കുന്നത്. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഓഡിയോ വിഡിയോ ദൃശ്യങ്ങൾ ചോർത്തിയെന്ന ആരോപണം വിദേശകാര്യമന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാളാണ് ഉന്നയിച്ചത്.
തങ്ങളുടെ ചില കോൺസുലർ ഉദ്യോഗസ്ഥരെ ഓഡിയോ വിഡിയോ നിരീക്ഷണത്തിലാണെന്ന് കനേഡിയൻ അധികൃതർ അറിയിച്ചുവെന്ന് ജയ്സ്വാൾ അവകാശപ്പെട്ടു. പലപ്പോഴും ഉദ്യോഗസ്ഥർക്ക് ആശയവിനിമയം പോലും തടസപ്പെടുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ കാനഡ നടത്തിയ പരാമർശത്തിൽ സാധിക്കാവുന്ന എല്ലാതലത്തിലും പ്രതിഷേധം അറിയിച്ചുവെന്നും ഇന്ത്യ അറിയിച്ചു. അമിത് ഷാക്കെതിരെ പരാമർശം അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്നും ഇന്ത്യ വ്യക്തമാക്കി.
നേരത്തെ കാനഡയുടെ വിദേശകാര്യ സഹമന്ത്രി ഡേവിഡ് മോറിസൺ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറാണ് സിഖ് വിഘടനവാദികൾക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചിരുന്നു.
സിഖ് വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഏറ്റവും മോശമായ അവസ്ഥയിലേക്ക് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.