ഗുരുഗ്രാം (ഹരിയാന): പ്രകോപനപരമായ വീഡിയോയിലൂടെ നൂഹിലെ വർഗീയ കലാപം ആളിക്കത്തിച്ച കേസിൽ കുപ്രസിദ്ധ പശു ഗുണ്ടാ തലവൻ ബിട്ടു ബജ്‌റംഗിയെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഫരീദാബാദിലെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളിൽ പ്രകോപന വീഡിയോ പ്രചരിപ്പിച്ച ബിട്ടു ബജ്റംഗിക്കെതിരെ ഫരീദാബാദിലെ ദാബുവ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കാവി വസ്ത്രം ധരിച്ച് ബിട്ടു നടന്നുപോകുന്നതും, പിന്നീട് ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതും, പ്രകോപനപരമായ ഗാനവും ബിട്ടു ബജ്റംഗി പുറത്തുവിട്ട വിഡിയോയിലുണ്ടായിരുന്നു.
ജൂലൈ 31 ന് നൂഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഫരീദാബാദിലെ താമസക്കാരനായ ബിട്ടു ബജ്‌റംഗി പശുസംരക്ഷണത്തിന്റെ പേരിൽ നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് കുപ്രസിദ്ധനായത്. രാജ്കുമാർ എന്നാണ് ബിട്ടുവിന്റെ യഥാർത്ഥ പേര്. ഗോരക്ഷാ ബജ്‌റംഗ് ഫോഴ്‌സ് എന്ന സംഘടനയുടെ പ്രസിഡന്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.