ബംഗളൂരു: മുൻ മുഖ്യമന്ത്രിയും ജെ.ഡി-എസ് കർണാടക അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി മണ്ഡ്യയിൽ എൻ.ഡി.എ സ്ഥാനാർഥിയാവും. ബി.ജെ.പിയുമായുള്ള സഖ്യധാരണപ്രകാരം ലഭിച്ച മൂന്നു സീറ്റുകളിലേക്കും ചൊവ്വാഴ്ച ബംഗളൂരുവിൽ ചേർന്ന ജെ.ഡി-എസ് ഉന്നതാധികാര സമിതി സ്ഥാനാർഥികളെ നിശ്ചയിച്ചു. മണ്ഡ്യക്ക് പുറമെ ഹാസൻ, കോലാർ എന്നിവിടങ്ങളിലാണ് ജെ.ഡി-എസ് മത്സരിക്കുക. ജെ.ഡി-എസിന്റെ സിറ്റിങ് സീറ്റായ ഹാസനിൽ സിറ്റിങ് എം.പിയും എച്ച്.ഡി. ദേവഗൗഡയുടെ പേരമകനുമായ പ്രജ്വൽ രേവണ്ണയെ നിലനിർത്തിയപ്പോൾ കോലാറിൽ മഹേഷ് ബാബുവിനെ സ്ഥാനാർഥിയാക്കി.
ജെ.ഡി-എസിന് രണ്ടു സീറ്റ് നൽകാനായിരുന്നു ആദ്യം ബി.ജെ.പി ധാരണ. എന്നാൽ, കോലാർ സീറ്റുകൂടി വേണമെന്ന ആവശ്യത്തിൽ ജെ.ഡി-എസ് ഉറച്ചുനിന്നതോടെ ബി.ജെ.പി വഴങ്ങി. മണ്ഡ്യയിൽ കഴിഞ്ഞ തവണ ബി.ജെ.പി പിന്തുണയോടെ മത്സരിച്ചു ജയിച്ച സ്വതന്ത്ര സ്ഥാനാർഥി സുമലതയെ ഇത്തവണ ബി.ജെ.പി പരിഗണിച്ചതേയില്ല. ബി.ജെ.പി അംഗത്വമില്ലെങ്കിലും ഇത്തവണയും സീറ്റും പിന്തുണയും ഉറപ്പാക്കാൻ സുമലത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തന്റെ അനുയായികളുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് സുമലത വ്യക്തമാക്കി.
മണ്ഡ്യ സീറ്റ് ജെ.ഡി-എസിന് വിട്ടുനൽകിയതിൽ ബി.ജെ.പിക്കകത്തും പ്രതിഷേധമുയരുന്നുണ്ട്. ഇതിന്റെ തുടർച്ചയായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ നാരായണ ഗൗഡ കോൺഗ്രസിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. എ. ചന്ത്രുവാണ് മണ്ഡ്യയിൽ കോൺഗ്രസ് സ്ഥാനാർഥി.
ബംഗളൂരു: കർണാടകയിലെ ബി.ജെ.പി-ജെ.ഡി-എസ് സഖ്യത്തിലെ പൊരുത്തമില്ലായ്മ പ്രകടമാക്കി പ്രചാരണ പരിപാടിയിൽ പ്രവർത്തകരുടെ തമ്മിലടി. ബി.ജെ.പി സ്ഥാനാർഥിയായ വി. സോമണ്ണയുടെ പ്രചാരണാർഥം തുമകൂരു തുറുവകരെയിൽ വിളിച്ച യോഗത്തിലാണ് ഇരുപാർട്ടി പ്രവർത്തകരും ഏറ്റുമുട്ടിയത്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ തോൽവിക്ക് ബി.ജെ.പി നേതാവായ കൊണ്ടാജ്ജി വിശ്വനാഥാണ് കാരണക്കാരനെന്ന് ജെ.ഡി-എസ് എം.എൽ.എ എം.ടി. കൃഷ്ണപ്പ പരസ്യ ആരോപണം നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. മുമ്പ് ജെ.ഡി-എസിലായിരുന്ന വിശ്വനാഥ് പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. വിശ്വനാഥിന് തുമകൂരുവിലെ കോൺഗ്രസ് സ്ഥാനാർഥി മുദ്ദെഹനുമ ഗൗഡയുമായി അടുപ്പമുണ്ടെന്നും കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കരുതെന്നും കൃഷ്ണപ്പ മൈക്കിൽ വിളിച്ചുപറഞ്ഞതോടെ പ്രതിഷേധവുമായി വിശ്വനാഥും രംഗത്തുവന്നു. ഇതോടെ ഇരുപാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമായി. ഒടുവിൽ ബി.ജെ.പി സ്ഥാനാർഥി വി. സോമണ്ണ എല്ലാവരെയും അനുനയിപ്പിച്ച് യോഗം തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.