ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ച ജില്ല കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം അലഹബാദ് ഹൈകോടതി തള്ളി. അപ്പീലിനുപോലും അവസരം നൽകാതെ മസ്ജിദിന്റെ അടിഭാഗത്തുള്ള തെക്കേ നിലവറക്കകത്ത് ജില്ല മജിസ്ട്രേറ്റും കമീഷണറും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സി.ഇ.ഒയും ചേർന്ന് ബുധനാഴ്ച അർധരാത്രി വിഗ്രഹം കൊണ്ടുവന്നുവെച്ച് തുടങ്ങിയ പൂജ തടയണമെന്ന അഞ്ചുമൻ മസ്ജിദ് ഇൻതിസാമിയ കമ്മിറ്റിയുടെ ആവശ്യമാണ് അലഹബാദ് ഹൈകോടതി തള്ളിയത്. അതേസമയം പള്ളിയിൽ പൂജക്ക് ഉത്തരവിടുംമുമ്പ് പള്ളിക്കമ്മിറ്റിയുടെ ഭാഗം ജില്ല കോടതി കേട്ടിരുന്നോ എന്ന് ഹൈകോടതി ചോദിച്ചു. ക്രമസമാധാന നില കാത്തുസൂക്ഷിക്കണമെന്ന് സംസ്ഥാന സർക്കാറിന് നിർദേശം നൽകിയ ഹൈകോടതി, മസ്ജിദ് കമ്മിറ്റിയുടെ ഹരജി ആറിന് വീണ്ടും പരിഗണിക്കും.
വാരാണസിയിൽ ഗ്യാൻവാപി മസ്ജിദിന്റെ അടിഭാഗത്തുള്ള തെക്കേ നിലവറ ഹിന്ദുക്കൾക്ക് പൂജക്കായി ഒരാഴ്ചക്കകം തുറന്നുകൊടുക്കണമെന്നായിരുന്നു ബുധനാഴ്ച വാരാണസി കോടതി ഉത്തരവെങ്കിലും ജില്ല ഭരണകൂടം അന്ന് രാത്രിതന്നെ തിരക്കിട്ട് വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ തുടങ്ങുകയായിരുന്നു. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി വ്യാഴാഴ്ച പുലർച്ച മൂന്നുമണിക്ക് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ ആവശ്യവുമായി അലഹബാദ് ഹൈകോടതിയിലേക്ക് പോകാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിർദേശിച്ചത്.
വ്യാഴാഴ്ച അലഹബാദ് ഹൈകോടതിയിൽ സമർപ്പിച്ച ഹരജി അന്നുതന്നെ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഹൈകോടതി അംഗീകരിച്ചിരുന്നില്ല. വെള്ളിയാഴ്ച ഹരജി പരിഗണിച്ച ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചില്ല. ജില്ല മജിസ്ട്രേറ്റിനെ ഗ്യാൻവാപി പള്ളിയിൽ റസീവറായി നിയോഗിച്ച ജനുവരി 17ലെ ജില്ല കോടതി ഉത്തരവ് മസ്ജിദ് കമ്മിറ്റി ഇനിയും ചോദ്യം ചെയ്തിട്ടില്ലെന്നും അതിന്റെ തുടർച്ചയായി പുറപ്പെടുവിച്ചതാണ് പൂജാവിധിയെന്നും ഹൈകോടതി പറഞ്ഞു. അതിനാൽ ഹരജി ഭേദഗതി ചെയ്യണമെന്നും ഹൈകോടതി നിർദേശിച്ചു. ഹരജി ഭേദഗതി ചെയ്യാമെന്ന് മറുപടി നൽകിയ മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ എസ്.എഫ്.എ. നഖ്വി അതുവരെ പൂജക്കുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു.
വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്ന് ഹിന്ദുത്വവാദികൾ അവകാശപ്പെട്ടതോടെ മുസ്ലിംകളെ വിലക്കി അടച്ചുപൂട്ടി സുപ്രീംകോടതി കേന്ദ്ര സേനയെ ഏൽപിച്ച ശേഷമാണ് പള്ളിക്കടിയിൽ അടച്ചുപൂട്ടിയ നിലവറ പൂജ നടത്താൻ വാരാണസി കോടതി ഹിന്ദുക്കൾക്ക് തുറന്നുകൊടുക്കുന്നത്. വിരമിക്കുന്നതിന്റെ തലേന്നാളായിരുന്നു ജില്ല ജഡ്ജി എ.കെ. വിശ്വേഷയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.