ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി നീരജ് ചോപ്ര; 'അത്‍ലറ്റുകൾക്ക് തെരുവിൽ നിൽക്കേണ്ടി വരുന്നത് വേദനിപ്പിക്കുന്നു'

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്ദിറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായ നീരജ് ചോപ്ര. നീതിക്കായി അത്‍ലറ്റുകൾക്ക് തെരുവിൽ നിൽക്കേണ്ടി വരുന്നത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു. ഇക്കാര്യത്തിൽ അതിവേഗ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ അഭിമാനം ഉയർത്തിയവരാണ് അത്‍ലറ്റുകൾ. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതും ആത്മാഭിമാനം സം​രക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്നും ചോപ്ര പറഞ്ഞു.ഒരിക്കലും സംഭവിക്കാത്തതാണ് ഇപ്പോൾ സംഭവിക്കുന്നത്. വളരെ വൈകാരികമായൊരു വിഷയമാണ്. ഇക്കാര്യത്തിൽ പക്ഷപാതിത്വമില്ലാ​തെയും സുതാര്യമായും തീരുമാനമെടുക്കണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു. വിഷയത്തിൽ എത്രയും പെട്ടെന്ന് നീതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവും ഗുസ്തി താരങ്ങളെ പിന്തുണച്ച് രംഗത്തെത്തി. ഇവർക്ക് എപ്പോഴെങ്കിലും നീതി കിട്ടുമോ എന്ന ചോദ്യത്തോടെ ഗുസ്തി താരങ്ങൾ വാർത്തസമ്മേളനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് കപിൽദേവ് പങ്കുവെച്ചത്. ലൈംഗിക ചൂഷണം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴ് താരങ്ങള്‍ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ പാര്‍ലമെന്‍റ് സ്ട്രീറ്റിലെ താന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഇതില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി ഇറങ്ങിയത്. കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് താരങ്ങളുടെ നിലപാട്. വിഷയത്തിൽ സുപ്രീം കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചിരുന്നു.

Tags:    
News Summary - 'Hurts me to see our athletes on streets': Neeraj Chopra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.