ഹൈദരാബാദ്: തെലങ്കാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ ആഞ്ഞടിച്ചു. റാവുവിന്റെ പേര് പരാമർശിക്കാതെ അഴിമതിയും കുടുംബഭരണവും അന്ധവിശ്വാസവുമുൾപ്പെടെയുള്ള ആരാപണങ്ങളാണ് പ്രധാനമന്ത്രി ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ ആദ്യ പരിഗണന ജനങ്ങളാണ്, കുടുംബമല്ലെന്ന് മോദി പറഞ്ഞു.
'ദിവസം മുഴുവൻ കഠിനാധ്വാനം ചെയ്തിട്ടും എങ്ങനെ തളരാതിരിക്കുന്നുവെന്നാണ് പലരും എന്നോട് ചോദിക്കുന്നത്. ഞാൻ തളരില്ല. കാരണം എല്ലാ ദിവസവും ഞാൻ 2-3 കിലോ അധിക്ഷേപങ്ങൾ വിഴുങ്ങുന്നുണ്ട്. എന്റെ ഉള്ളിൽ കിടന്ന് അവ പോഷകാഹാരമായി മാറുന്ന തരത്തിൽ ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു' -മോദി പറഞ്ഞു.
മോദിയെ അധിക്ഷേപിക്കൂ, ബി.ജെ.പിയെ അധിക്ഷേപിക്കൂ... എന്നാൽ തെലങ്കാനയിലെ ജനങ്ങളെ അധിക്ഷേപിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'തെലങ്കാനയിലെ പ്രവർത്തകരോട് എനിക്ക് വ്യക്തിപരമായി ഒരു അഭ്യർഥനയുണ്ട്. നിരാശയും ഭയവും അന്ധവിശ്വാസവും കാരണം ചില ആളുകൾ മോദിക്കെതിരെ അധിക്ഷേപങ്ങൾ പ്രയോഗിക്കും. ഈ തന്ത്രങ്ങളിൽ വീഴരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു' കേന്ദ്രത്തിന്റെ വികസന പദ്ധതികൾ സംസ്ഥാന സർക്കാർ ബോധപൂർവം തടസപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
എവിടെ താമസിക്കണം, ഓഫീസ് എവിടെയായിരിക്കണം, മന്ത്രിയായി ആരെ തിരഞ്ഞെടുക്കണം തുടങ്ങി കെ.സി.ആറിന്റെ എല്ലാ നിർണായക തീരുമാനങ്ങളും അന്ധവിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. ഇത് സാമൂഹിക നീതിക്ക് ഏറ്റവും വലിയ തടസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെലങ്കാന വിവരസാങ്കേതികവിദ്യയുടെ കേന്ദ്രമാണ്. എന്നാൽ ഈ ആധുനിക നഗരത്തിൽ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നത് അത്യന്തം ദുഃഖകരമാണ്. തെലങ്കാനയെ പിന്നാക്കാവസ്ഥയിൽ നിന്ന് ഉയർത്തണമെങ്കിൽ, ആദ്യം ഇവിടെ നിന്ന് അന്ധവിശ്വാസം ഇല്ലാതാക്കണം.' അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾക്കെതിരെ ഏജൻസികൾ നടത്തുന്ന അഴിമതി അന്വേഷണത്തെ ഭയന്ന് പ്രതിപക്ഷ പാർട്ടികൾ ഒരു സഖ്യമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഡിജിറ്റൽ ഇടപാടുകളിലേക്കും ഓൺലൈൻ പേയ്‌മെന്റുകളിലേക്കും മാറാനുള്ള തന്റെ സർക്കാറിന്റെ പ്രേരണ അഴിമതി ഗണ്യമായി കുറച്ചതായും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.