ന്യൂഡൽഹി: ശ്മശാനത്തിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്‍റെ കുടുംബത്തെ സന്ദർശിച്ച് ചിത്രം പങ്കുവെച്ചതിന് തന്‍റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്റർ നടപടിക്കെതിരെ പ്രതികരണവുമായി രാഹുൽ ഗാന്ധി. ബലാത്സംഗ ഇരയുടെ നീതിക്ക് വേണ്ടി പോരാടുന്നത് കുറ്റകൃത്യമാണെങ്കിൽ താൻ കുറ്റവാളിയാണെന്ന് രാഹുൽ ഇൻസ്റ്റഗ്രാമിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
''അനുകമ്പയും സഹാനുഭൂതിയും കാണിക്കുന്നത് ഒരു കുറ്റകൃത്യമാണെങ്കിൽ ഞാൻ കുറ്റവാളിയാണ്. ബലാത്സംഗ ഇരയുടെ നീതിക്ക് വേണ്ടി പോരാടുന്നത് കുറ്റകൃത്യമാണെങ്കിൽ ഞാൻ കുറ്റവാളിയാണ്, അവർക്ക് നമ്മെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തടയാൻ കഴിഞ്ഞേക്കാം; എന്നാൽ, ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നതിൽനിന്ന് തടയാൻ ഒരിക്കലുമാകില്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും നീതിയുടെയും സന്ദേശം സാർവത്രികമാണ്. 130 കോടി ഇന്ത്യക്കാർ നിശ്ശബ്ദരാക്കാനാകില്ല'' -രാഹുൽ ഇൻസ്റ്റ പോസ്റ്റിൽ പറഞ്ഞു.
രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതിനാൽ, അദ്ദേഹത്തിന്റെ കുറിപ്പ് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി. ശ്രീനിവാസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. രാഹുലിനെതിരായ നീക്കത്തിൽ പ്രതിഷേധിച്ച് നേരത്തെ ശ്രീനിവാസ് ഉൾപ്പെടെയുള്ള നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തങ്ങളുടെ ട്വിറ്റർ ഡിസ്പ്ലെ നെയിം 'രാഹുൽ ഗാന്ധി' എന്നാക്കി മാറ്റിയിരുന്നു.
Dear @TwitterIndia
— Rahul Gandhi (@srinivasiyc) August 12, 2021
Sharing an instagram message of Shri @RahulGandhi ji for you.
Daro Mat ✊ Satyamev Jayte pic.twitter.com/oY9stlYOCl
രാഹുൽ ഗാന്ധിക്ക് പുറമെ മാധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല, എ.ഐ.സി.സി ജനറൽ െസക്രട്ടറിയും മുൻ മന്ത്രിയുമായ അജയ് മാക്കൻ, കെ.സി. വേണുഗോപാൽ, ലോക്സഭ വിപ്പ് മാണിക്കം ടാഗോർ, അസം നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ്, മഹിള കോൺഗ്രസ് പ്രസിഡന്‍റ് സുഷ്മിത ദേവ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും പൂട്ടിയിട്ടുണ്ട്.
പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിനെതിരെ കേന്ദ്രസർക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ കോൺഗ്രസ് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതികരണം. 'മോദിജി, നിങ്ങൾക്ക് എന്തൊരു പേടിയാണ്. സത്യം, അഹിംസ, ജനങ്ങളുടെ ഇച്ഛാശക്തി എന്നിവ ഉൾക്കൊണ്ട് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി കോൺഗ്രസ് പോരാടി. അപ്പോൾ ഞങ്ങൾ വിജയിച്ചു, വീണ്ടും വിജയിക്കും' എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ കുറിപ്പ്.
കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് പുറമെ മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ഉൾപ്പെടെ 5000 േത്താളം അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തതായി കോൺഗ്രസ് സാമൂഹിക മാധ്യമ വിഭാഗം തലവൻ രോഹൻ ഗുപ്ത പറഞ്ഞു. കേന്ദ്രസർക്കാറിൽനിന്നുള്ള സമ്മർദ്ദത്തിന്‍റെ ഭാഗമാണ് ട്വിറ്ററിന്‍റെ നടപടിയെന്നും അദ്ദേഹം കുറിച്ചു. 'കേന്ദ്രസർക്കാറിന്‍റെ സമ്മർദ്ദത്തിന്‍റെ ഭാഗമായാണ് ട്വിറ്ററിന്‍റെ പ്രവർത്തനം. പട്ടിക ജാതിയുടെ ദേശീയ കമീഷന്‍റെ ട്വിറ്റർ അക്കൗണ്ടുകൾ ഇതേ ചിത്രം പങ്കുവെച്ചെങ്കിലും അവ നീക്കം ചെയ്തിട്ടില്ല' -ഗുപ്ത പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താൽകാലികമായി മരവിപ്പിച്ചതിന് പിന്നാലെയാണ് പാർട്ടിയുമായി ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകളും പൂട്ടിയത്. ദേശീയ ശിശു സംരക്ഷണ സമിതിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.