പ്രതിപക്ഷ സഖ്യ പേരിനെ പരിഹസിച്ച് ഹിമന്ദ; ട്വിറ്റർ ബയോയിലെ ‘ഇന്ത്യ’ മാറ്റി ‘ഭാരത്’ എന്നാക്കി; വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി: വിശാല പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിനെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ട്വിറ്റർ ബയോയിലെ ഇന്ത്യ മാറ്റി ഭാരത് എന്നാക്കുകയും ചെയ്തു.

‘അസം മുഖ്യമന്ത്രി, ഇന്ത്യ’ എന്നതിനു പകരം ട്വിറ്റർ ബയോയിൽ ‘അസം മുഖ്യമന്ത്രി, ഭാരത്’ എന്നാണ് മാറ്റിയത്. ബ്രിട്ടീഷുകാരാണ് രാജ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതെന്നും കൊളോണിയൽ ചിന്താഗതിയില്‍നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കുന്നതിനാകണം പോരാട്ടമെന്നും ഹിമന്ദ പറഞ്ഞു. ‘നമ്മുടെ നാഗരിക സംഘർഷം ഇന്ത്യയെയും ഭാരതത്തെയും ചുറ്റിപ്പറ്റിയാണ്. ബ്രിട്ടീഷുകാർ നമ്മുടെ രാജ്യത്തിന് ഇന്ത്യ എന്ന് പേരിട്ടു. കൊളോണിയൽ പൈതൃകങ്ങളിൽനിന്ന് സ്വയം മോചിതരാകാൻ നമ്മൾ ശ്രമിക്കണം. നമ്മുടെ പൂർവികർ ഭാരതത്തിനായാണ് പോരാടിയത്, ഞങ്ങൾ ഭാരതത്തിനായി പ്രവർത്തിക്കുന്നത് തുടരും’ -ഹിമന്ദ ട്വീറ്റ് ചെയ്തു.

ഹിമന്ദയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കൊളോണിയല്‍ ചിന്താഗതിയെന്നത് ഹിമന്ദ സ്വന്തം ബോസിനോട് (പ്രധാനന്ത്രിയോട്) പറഞ്ഞാല്‍ മതിയെന്ന് ജയറാം രമേശ് പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ എന്നിങ്ങനെ മോദി വിവിധ സർക്കാർ പദ്ധതികള്‍ക്ക് ഇന്ത്യ എന്നാണ് പേര് നൽകിയത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പില്‍പോലും മോദി ആവശ്യപ്പെട്ടതെന്നും പ്രധാനമന്ത്രിയുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണ വിഡിയോ പങ്കുവെച്ച് ജയറാം രമേശ് പരിഹസിച്ചു.

അതേസമയം, പ്രതിപക്ഷ പാർട്ടികൾ ജീതേഗ ഭാരത് (ഇന്ത്യ ജയിക്കും) എന്ന് ടാഗ് ലൈൻ വിശാല സഖ്യത്തിന് നൽകിയിട്ടുണ്ട്. ഇന്ത്യ വേഴ്സസ് ഭാരത് എന്ന ചർച്ച ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. പ്രതിപക്ഷ പാർട്ടി നേതാക്കൾ ചൊവ്വാഴ്ച രാത്രി നടത്തിയ ചർച്ചയെ തുടർന്നാണ് ടാഗ് ലൈൻ നൽകാൻ തീരുമാനിച്ചത്. ഹിന്ദിയിലുള്ള ടാഗ് ലൈൻ തന്നെ ഉപയോഗിക്കണമെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദേശിച്ചിരുന്നു.

Tags:    
News Summary - In Himanta Sarma's Twitter Bio Change, A Bharat vs I.N.D.I.A Message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.