ന്യൂഡൽഹി: കോൺഗ്രസിൽ സമൂലമായ പരിഷ്കാരങ്ങൾ അത്യാവശ്യമാണെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. പാർട്ടി നിർജീവമല്ലെന്ന് കാട്ടിക്കൊടുക്കാൻ പരിഷ്കരണങ്ങൾ അനിവാര്യമാണെന്നും ബി.ജെ.പിയുടെ രാഷ്ട്രീയബദലായി സ്വയം അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞവർഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കളിൽ ഒരാളാണ് സിബൽ.
പി.ടി.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിബലിെൻറ തുറന്നുപറച്ചിൽ. നിലവിൽ ബി.ജെ.പിക്ക് ശക്തമായ രാഷ്ട്രീയബദൽ ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരത്തിൽ തുടരാൻ ധാർമികാവകാശമില്ല. കോൺഗ്രസിന് മാത്രമാണ് ഒരു ബദൽസാധ്യത കാണുന്നത്. ഭൂരിപക്ഷ–ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ രാജ്യത്തിന് ഹാനികരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതായും അതിെൻറ തെളിവാണ് അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ജിതൻ പ്രസാദക്ക് ബി.ജെ.പിയിൽനിന്ന് പ്രസാദം ലഭിച്ചതിനാലാണ് പാർട്ടി വിട്ടത്. പരിചയസമ്പന്നതയുള്ള മുതിർന്നവരെയും യുവനേതൃത്വത്തെയും ഒരുമിച്ചുകൊണ്ടുപോകണം. പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിൽ മോദിസർക്കാറിെൻറ കഴിവില്ലായ്മ രാജ്യം കണ്ടതാണ്. ഇതിൽ ജനങ്ങളുടെ വേദന പരിഹരിക്കേണ്ടതുണ്ട്. അത് കോൺഗ്രസ് സ്വയം ഏറ്റെടുക്കണം. പശ്ചിമബംഗാൾ, കേരളം, അസം, പുതുച്ചേരി തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തിരിച്ചടി പഠിക്കാൻ സമിതികൾ രൂപവത്കരിച്ചതിനെ സിബൽ സ്വാഗതം ചെയ്തു. നല്ലതേതെന്ന് ജനം തെരഞ്ഞെടുക്കുന്ന ഒരു കാലം വൈകാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.