ന്യൂഡൽഹി: കോവിഡ്കാല പ്രതിസന്ധികൾ ഞെരുക്കുന്നതിനിടയിൽ സാങ്കേതികമായ സാമ്പത്തിക മാന്ദ്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) ആറുമാസം തുടർച്ചയായി പിന്നോട്ടടിക്കുന്നുവെന്ന ഔദ്യോഗിക കണക്ക് സർക്കാർ പുറത്തുവിട്ടു.
സെപ്റ്റംബറിൽ അവസാനിച്ച നടപ്പു സാമ്പത്തിക വർഷത്തിെൻറ രണ്ടാം ത്രൈമാസത്തിൽ ജി.ഡി.പി പിന്നോട്ടടിച്ചത് 7.5 ശതമാനം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ശതമാനം ജി.ഡി.പി എന്നാൽ ഏകദേശം രണ്ടുലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ വളർച്ചനിരക്ക് 5.2 ശതമാനമായിരുന്നു. ലോക്ഡൗണിലൂടെ കടന്നുപോയതിനിടയിൽ ഏപ്രിൽ മുതൽ ജൂൺ വരെ വിപരീത ജി.ഡി.പി വളർച്ച 23.9 ശതമാനമായിരുന്നു.
ഒരു സാമ്പത്തിക വർഷത്തിെൻറ രണ്ടു ത്രൈമാസങ്ങളിൽ തുടർച്ചയായി ജി.ഡി.പി വിപരീത വളർച്ച നേരിടുന്നതിനെയാണ് സാങ്കേതികമായി സാമ്പത്തിക മാന്ദ്യം എന്നു വിളിക്കുന്നത്. റിസർവ് ബാങ്ക് അക്കാര്യം ആഴ്ചകൾക്കുമുേമ്പ പറഞ്ഞിരുന്നു. റിസർവ് ബാങ്ക് 8.6 ശതമാനമെന്നാണ് കണക്കാക്കിയതെങ്കിൽ, സ്ഥിതിവിവര-പദ്ധതി നടത്തിപ്പ് അവലോകന മന്ത്രാലയം പുറത്തുവിട്ട ഇപ്പോഴത്തെ കണക്കിൽ അത് 7.5 ശതമാനമായെന്നു മാത്രം.
ത്രൈമാസ കണക്കുകൾ തയാറാക്കുന്ന രീതി 1996ൽ തുടങ്ങിയ ശേഷം ഇതാദ്യമാണ് സാങ്കേതികമായ സാമ്പത്തിക മാന്ദ്യം സ്ഥിരീകരിക്കുന്നത്. 30 ലക്ഷം കോടിയോളം വരുന്ന സാമ്പത്തിക പാക്കേജ് ഇതിനകം പ്രഖ്യാപിച്ചുവെന്നാണ് സർക്കാർ അവകാശവാദം. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിൽ സ്ഥിതി മെച്ചപ്പെട്ട് ജി.ഡി.പിയുടെ വിപരീത വളർച്ച മൂന്നിലേക്ക് ചുരുങ്ങുമെന്നാണ് സർക്കാർ പങ്കുവെക്കുന്ന പ്രതീക്ഷ. മാർച്ച് ആകുേമ്പാഴേക്ക് ജി.ഡി.പി പൂജ്യം കടന്ന് മുന്നോട്ടാകുമെന്നും കണക്കാക്കുന്നു. തോത് കുറയുമെങ്കിലും, അടുത്ത നാലുമാസങ്ങളിലും വിപരീത വളർച്ച തന്നെയായിരിക്കും.
2020-21ൽ മൊത്തം ജി.ഡി.പി വിപരീത വളർച്ചനിരക്ക് 8.7 ശതമാനമാവുമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.