ന്യൂഡൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് ഇതിനകം 530 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. നാവികസേനയുടെ കപ്പലിൽ 278 പൗരന്മാരെയും വ്യോമസേനയുടെ രണ്ടു വിമാനങ്ങൾ വഴി 250ലധികം പേരെയും ഒഴിപ്പിച്ചെന്നാണ് ഔദ്യോഗിക കണക്ക്. സുഡാനിൽനിന്നുള്ള ഒഴിപ്പിക്കൽ ദൗത്യമായ ‘ഓപറേഷൻ കാവേരി’ക്കുകീഴിൽ, ഇന്ത്യക്കാരെ സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തിച്ചശേഷമാണ് തുടർനടപടികൾ കൈക്കൊള്ളുന്നത്.
നാവികസേനയുടെ ഐ.എൻ.എസ് സുമേധ എന്ന കപ്പലിൽ ചൊവ്വാഴ്ച മലയാളികൾ അടക്കമുള്ള 278 ഇന്ത്യക്കാരെ ഒഴിപ്പിച്ചിരുന്നു. മണിക്കൂറുകൾക്കുശേഷം, കൂടുതൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി വ്യോമസേനയുടെ ആദ്യത്തെ ഹെവി-ലിഫ്റ്റ് ട്രാൻസ്പോർട്ട് വിമാനം പോർട്ട് സുഡാനിൽ ഇറങ്ങി. ഇതിനുപിന്നാലെ മറ്റൊരു വിമാനവും ഇവിടെയെത്തി. ആദ്യ വിമാനം 121 പേരെയും രണ്ടാമത്തെ വിമാനം 135 പേരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ട്വീറ്റ് ചെയ്തു. ജിദ്ദയിൽ ഇന്ത്യ കൺട്രോൾ റൂം തുറന്നതിനു പുറമെ, ഒഴിപ്പിക്കൽ ദൗത്യത്തിന് മേൽനോട്ടം വഹിക്കാൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലുണ്ട്.
തിരുവനന്തപുരം: സുഡാനില്‍നിന്ന് മടക്കിക്കൊണ്ടുവരുന്ന മലയാളികളെ വിമാനത്താവളങ്ങളിൽനിന്ന് സർക്കാർ ചെലവിൽ കേരളത്തിലെത്തിക്കാൻ. മന്ത്രിസഭ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് കൊണ്ടുവരുക. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രവാസികാര്യ വകുപ്പിനെ (നോര്‍ക്ക) മന്ത്രിസഭ ചുമതലപ്പെടുത്തി.
സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ‘ഓപറേഷൻ കാവേരി’ എന്ന പേരിൽ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. വിമാനത്തിലും കപ്പലിലുമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ദൗത്യത്തിന് മേൽനോട്ടം വഹിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലെത്തി. സൗദി വഴി വിമാനത്തിലും കപ്പലിലുമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു. ജിദ്ദയിലെ കൺട്രോൾ റൂം സന്ദർശിച്ച മന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. പോർട്ട് സുഡാനിലും ജിദ്ദയിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കുന്നുണ്ട്. ദൗത്യത്തിന്റെ ഭാഗമായി 278 പേർ ജിദ്ദയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ട്. ഐ.എൻ.എസ് സുമേധയിലാണ് പോർട്ട് സുഡാനിൽ നിന്നും സംഘം തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.