ന്യൂഡൽഹി: നൂറ്റാണ്ടിലേറെ ചരിത്രമുള്ള ഒളിമ്പിക്സിൽ ഇന്ത്യയിലേക്ക് ആദ്യമായി അത്ലറ്റിക്സ് സ്വർണം കൊണ്ടുവന്ന നീരജ് ചോപ്രക്കുള്ള സമ്മാന പ്രവാഹം തുടരുന്നു. നീരജ് ചോപ്രക്ക് ഒരു വർഷത്തെ സൗജന്യ വിമാന യാത്ര നൽകുന്നതായി ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചു.
''നിങ്ങൾ ഞങ്ങൾക്ക് കഠിനാധ്വാനം, അഭിനിവേശം, തിരിച്ചുവരവ് എന്നി കാണിച്ചുതന്നു. നിങ്ങൾ വരാനിരിക്കുന്ന ഇന്ത്യൻ അത്ലറ്റുകൾക്കും പ്രചോദനമാകും. അഭിനന്ദനങ്ങൾ, നീരജ്'' -ഇൻഡിഗോ സി.ഇ.ഒ രൺജോയ് ദത്ത അറിയിച്ചു.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നീരജിന് ഗോൾഡൻ പാസ് ഓഫർ ചെയ്തിട്ടുണ്ട്. ആജീവനാന്തം ഏത് സംസ്ഥാനത്തെയും ബസുകളിൽ യാത്ര ചെയ്യാനുള്ള പാസാണിത്.
ബി.സി.സി.ഐയും ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സും താരത്തിന് ഒരു കോടി രൂപ വീതം പ്രഖ്യാപിച്ചു. താരം ഒളിമ്പിക്സിൽ എറിഞ്ഞിട്ട 87.58 മീറ്റർ ദൂരത്തിന്‍റെ സ്മരണക്കായി '8758' നമ്പറിൽ പ്രത്യേക ജഴ്സിയും സി.എസ്.കെ പുറത്തിറക്കും.
''നീരജ് ചോപ്രയുടെ നേട്ടം ഈ രാജ്യത്തെ കോടിക്കണക്കിന് മനുഷ്യർക്ക് പ്രചോദനമാണ്. ഏത് കായിക ഇനത്തിലും ഇന്ത്യക്കാർക്ക് ഉയരത്തിൽ എത്താമെന്ന ആത്മവിശ്വാസമാണ് നീരജ് പകർന്നിരിക്കുന്നത്'' -സി.എസ്.കെ വക്താവ് പ്രതികരിച്ചു.
നീരജിന് പുറമേ വെള്ളി മെഡൽ ജേതാക്കളായ മീരാഭായ് ചാനുവിനും രവി ദഹിയക്കും 50 ലക്ഷം രൂപ വീതവും ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നീരജ് ചോപ്രക്ക് ആറുകോടി രൂപ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.