ഹൈദരാബാദ്: ഹൈദരാബാദിൽ തെലങ്കാന രാഷ്ട്ര സമിതി എം.എൽ.എയുടെ സ്റ്റിക്കർ പതിപ്പിച്ച കാർ ഇടിച്ച് രണ്ടര വയസായ കുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രി ജൂബിലി ഹിൽസ് റോഡ് നമ്പർ 45 ൽ ആണ് അപകടം നടന്നത്. റോഡരികിൽ സാധനങ്ങൾ വിൽക്കുകയായിരുന്ന സ്ത്രീകളുടെ നേർക്ക് വാഹനം പാഞ്ഞു കയറുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തിൽ കുട്ടി തെറിച്ചു വീണ് തൽക്ഷണം മരിച്ചു. ഗുരുതര പരിക്കുകളോടെ കുട്ടിയുടെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
''രാത്രി 8:45 നാണ് അപകടം നടന്നത്. സിഗ്നലിൽ സാധനങ്ങൾ വിൽക്കുന്ന സ്ത്രീകളെ എസ്.യു.വി കാർ വന്നിടിക്കുകയായിരുന്നു. കുട്ടി തെറിച്ചുവീണ് തൽക്ഷണം മരിച്ചു. സ്ത്രീയെ നിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന് പിന്നിലുള്ളവരെ കണ്ടു പിടിക്കുന്നതിനുളള അന്വേഷണം നടക്കുന്നുണ്ട്.'' -ജൂബിലി ഹിൽസ് പൊലീസ് ഇൻസ്പെക്ടർ എസ് രാജശേഖർ റെഡ്ഡി പറഞ്ഞു.
വാഹനത്തിൽ ടി.ആർ.എസ് എം.എൽ.എ മുഹമ്മദ് ഷക്കിൽ ആമിറിന്‍റെ പേരിലുള്ള സ്റ്റിക്കറും താത്കാലിക നമ്പർ പ്ലേറ്റും പതിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന തെലങ്കാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് പുറത്തിറക്കിയ സ്റ്റിക്കറാണ് കാറിലുള്ളത്. അപകട സ്ഥലത്ത് സി.സി.ടി.വി ക്യാമറ ഉണ്ടായിരുന്നില്ല. സംഭവം നടന്നയുടൻ കാറിൽ ഉണ്ടായിരുന്നതായി സംശയിക്കുന്ന ഡ്രൈവറും യാത്രക്കാരനും ഓടി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.