ഹൈദരാബാദ്: കർണാടകയിൽ ബി.ജെ.പിയെ താഴെയിറക്കിയ ആ രാഷ്ട്രീയ കൗശലം മാസങ്ങൾക്കിപ്പുറം തെലങ്കാനയിലും പ്രകടമാക്കിയപ്പോൾ എല്ലാ കണ്ണുകളും സുനിൽ കനുഗോലുവെന്ന എ.ഐ.സി.സിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ നേർക്കാണ്. ബി.ആർ.സിന്റെ തേരോട്ടം അവസാനിപ്പിച്ച കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് കനുഗോലുവിന്റെ മാസ്റ്റർ ബ്രെയിൻ തന്നെയാണെന്നാണ് വിലയിരുത്തുന്നത്.
തെലങ്കാന എന്നാൽ അത് കെ.ചന്ദ്രശേഖർ റാവുവും ബി.ആർ.എസും മാത്രമാണെന്ന സങ്കൽപ്പങ്ങളെയാണ് പൊളിച്ചു കളഞ്ഞത്. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് മുന്നിൽ നിന്ന് നയിച്ച കെ. ചന്ദ്രശേഖർ റാവു, തെലങ്കാന രാഷ്ട്ര സമിതിയെ ഭാരതീയ രാഷ്ട്ര സമിതിയാക്കി ദേശീയ തലത്തിലേക്ക് പടർത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ഇരുട്ടടിപോലെ കോൺഗ്രസിന്റെ രംഗപ്രവേശം. മൂന്നാം തവണയും അധികാരത്തിലേറാമെന്ന കണക്കുക്കൂട്ടൽ തെറ്റിച്ച് രേവന്ദ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ആദ്യമായി അധികാരത്തിലേക്ക് എത്തിയിരിക്കുന്നു.
സുനിൽ കനുഗോലു മെനഞ്ഞ തന്ത്രങ്ങൾ കർണാടകയിലെന്ന പോലെ തെലങ്കാനയിലും ഫലിച്ചുവെന്നുവേണം കരുതാൻ. അപ്പോഴും കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയ ഹിന്ദി ഹൃദയഭൂമിയി സ്ട്രാറ്റജികളൊന്നും ഏറ്റതുമില്ല. അതിന് കാരണമായി പറയുന്നത് അശോക് ഗെലോട്ടിന്റെയും കമൽനാഥിന്റെ പിടിവാശിയാണെന്നതാണ്. വിജയിക്കാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുൻപ് ഗെലോട്ടിന് നൽകിയിരുന്നെങ്കിലും പൂർണമായും നിരാകരിച്ചു.
കർണാടകയിലെയും തെലങ്കാനയിലെയും കനുഗോലുവിന്റെ വിജയത്തിന് കാരണമായി പറയുന്നത് അദ്ദേഹത്തെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചതാണ്. മാത്രമല്ല, കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് നടത്തുന്ന പ്രചാരണങ്ങൾ ഏറെ കുറേ സാമ്യമുള്ളതായിരുന്നു. കർണാടകയിലെ 'പേ.സി.എം' കാമ്പെയ്‌െൻറ സൂത്രധാരനും കനുഗോലു തന്നെയായിരുന്നു. രേവന്ദ് റെഡ്ഡിയുമായി ചേർന്ന് ചന്ദ്രശേഖർ റാവുവിനെ ലക്ഷ്യം വെച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തിയത്.
കനുഗോലു മുമ്പ് നിരവധി ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പങ്കെടുത്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. 2018ൽ കർണാടകയിൽ ബി.ജെപി.ക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം 104 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറ്റുന്നതിൽ മുഖ്യപങ്കുവഹിച്ചു. 2014 ലെ നരേന്ദ്ര മോദിയുടെ പ്രചാരണത്തിലും ഉത്തർപ്രദേശിലും ഗുജറാത്തിലും പാർട്ടിയുടെ രാഷ്ട്രീയ പ്രചാരണങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് വേണ്ടി 'നമക്കു നാമേ' പ്രചാരണത്തിന് മേൽനോട്ടം വഹിച്ചതും അദ്ദേഹമാണ്. കനുഗോലു കഴിഞ്ഞ വർഷമാണ് കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര' തന്ത്രങ്ങൾ മെനയുന്നതും അദ്ദേഹമാണ്. കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തിന് രൂപം നൽകിയതിന് കനുഗോലുവിന് പിന്നീട് സിദ്ധരാമയ്യ സർക്കാരിൽ ക്യാബിനറ്റ് പദവി നൽകിയിരുന്നു.
കർണാടകയും തെലങ്കാനയും കോൺഗ്രസിന് മികച്ച വിജയം നേടാനായതുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും കനുഗോലുവിന് പാർട്ടി കൂടുതൽ ചുമതലകൾ നൽകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.