അമരാവതി (ആന്ധ്രപ്രദേശ്): ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ -മൂന്നിന്റെ വിക്ഷേപണം നാളെ നടക്കാനിരിക്കെ ഐ.എസ്.ആർ.ഒ സംഘം തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി. ചാന്ദ്രയാൻ -മൂന്നിന്റെ ചെറുപതിപ്പുമായാണ് ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന സംഘം ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയത്. ഐ.എസ്.ആർ.ഒ സയന്‍റിഫിക് സെക്രട്ടറി ശന്തനു ഭട്ട്വദേക്കർ തിരുപ്പതി സന്ദർശനത്തിന് നേതൃത്വം നൽകി.
ചാന്ദ്രയാൻ -മൂന്നിന്റെ വിക്ഷേപണത്തിനായുള്ള 26 മണിക്കൂർ നീളുന്ന കൗണ്ട്ഡൗണിന് ഇന്ന് ഉച്ചക്ക് 1.05ന് തുടക്കമാകും. 14ന് ഉച്ചക്ക് 2.35ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് വിക്ഷേപണ വാഹനമായ എൽ.വി.എം-3 എം 4 കുതിക്കും.
ജൂലൈ 13ന് വിക്ഷേപിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ചന്ദ്രനിൽ പേടകം ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ആഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതോടെ അതിനനുസരിച്ച് വിക്ഷേപണ തീയതിയിലും മാറ്റം വരുത്തുകയായിരുന്നു. വിക്ഷേപണം കഴിഞ്ഞ് നാൽപ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.